pic

വാഷിംഗ്ടൺ: അമേരിക്കൻ സ്‌പേസ് ഏജൻസിയായ നാസയുടെ ചരിത്ര ദൗത്യമായ ആർട്ടെമിസ് - 1ന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച ആളില്ലാപ്പേടകമായ ഒറിയോൺ ഇന്ന് ഭൂമിയിൽ തിരിച്ചെത്തും. ഇന്ത്യൻ സമയം രാത്രി 11.09ന് സാൻഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് ഒറിയോൺ പേടകം ഇറങ്ങുന്നത്. യു.എസ് നേവിയുടെ യു.എസ്.എസ് പോർട്ട്‌ലൻഡ് കപ്പൽ ഒറിയോണിനെ കടലിൽ നിന്ന് വീണ്ടെടുക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒറിയോൺ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങിയത്. നാലംഗങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ക്രൂ മൊഡ്യൂളാണ് ഒറിയോൺ. നവംബർ 16നാണ് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസിലൂടെ (സ്‌പേസ് ലോഞ്ച് സിസ്റ്റം) ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.

1972ലെ അപ്പോളോ 17ന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയാണ് ആർട്ടെമിസ് മിഷൻ. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ് - III യ്ക്ക് മുന്നോടിയായുള്ള റിഹേഴ്സലാണ് ആർട്ടെമിസ് - I. നാല് യാത്രികരുമായി ആർട്ടെമിസ് - IIൽ 2024ൽ ഉണ്ടായേക്കും.

ചന്ദ്രന്റെ അടുത്തുകൂടി പറക്കുന്ന പേടകം ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും. ആർട്ടെമിസ് - III നാല് യാത്രികരുമായി ചന്ദ്രോപരിതലത്തിലിറങ്ങും. ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം. ഭൂമിയിൽ നിന്ന് 4,30,​000 കിലോമീറ്റർ സഞ്ചരിച്ച ഒറിയോൺ ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്തേക്ക് 40,000 മൈൽ യാത്ര ചെയ്ത് റെക്കോഡ് സ്ഥാപിച്ചിരുന്നു. 1970ൽ വിക്ഷേപിച്ച അപ്പോളോ 13 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയിൽ നിന്ന് 4,00,​171 കിലോമീറ്റർ സഞ്ചരിച്ച് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനെ വഹിക്കാവുന്ന പേടകമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഒറിയോൺ ഈ റെക്കോഡ് തകർത്തു. മൊത്തം 13 ലക്ഷം മൈൽ സഞ്ചരിച്ച ഒറിയോൺ പേടകം മണിക്കൂറിൽ 24,500 മൈൽ വേഗതയിലാണ് തിരികെ ഭൂമിയിലേക്കെത്തുന്നത്. തിരിച്ചുവരവിന് തൊട്ടുമുമ്പ് ബഹിരാകാശത്ത് വച്ച് ഒറിയോണിന്റെ സർവീസ് മോഡ്യൂൾ വേർപെടുകയും ഒറിയോണിന്റെ ക്രൂ മൊഡ്യൂൾ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും ചെയ്യുന്നു.