ത്രിമധുരം നേടി ആം ആദ്മി പാർട്ടി . രണ്ടു ദിവസം മുമ്പാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ബി.ജെ.പി കുത്തക തകർത്ത് ഭരണം പിടിച്ചതു. തൊട്ടു പിന്നാലെ താമരക്കൂറുള്ള മണ്ണായ ഗുജറാത്തിൽ അക്കൗണ്ട് തുറന്നു. പിന്നാലെ ഒരു ദേശീയപാർട്ടി ആകാനുള്ള അംഗീകാരവും നേടി. കെജ്രിവാളിനും അണികൾക്കും ഇനി അഭിമാനത്തോടെ തലയുയർത്തി നിൽക്കാം . ഇനി ആപ്പിന്റെ ഭാവി. അതെന്താകും? പതിനഞ്ച് വർഷത്തെ തുടർച്ചയായ ഭരണത്തിൽനിന്നാണ് ബി.ജെ.പിയെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും 'ആപ്പ്' താഴെയിറക്കിയത്. കോർപ്പറേഷനിലെ 250 വാർഡുകളിൽ 134 ൽ വിജയിച്ചാണ് പാർട്ടി ഈ നേട്ടമുണ്ടാക്കിയത്. ഇവിടെയും സാധാരണ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഭരണം അവർക്കുവേണ്ടി മാറ്റിയെടുത്തതാണ് ആപ്പിന്റെ വൻ വിജയത്തിനു കാരണം. ഗുജറാത്ത് വിജയത്തോടെ അരവിന്ദ് കേജ്രിവാളിന്റെ ദേശീയപാർട്ടി പദവി എന്ന ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമാണ് സഫലമാകുന്നത് . കോൺഗ്രസ്സ് തകർന്നടിയുമ്പോൾ ആം ആദ്മി വിജയങ്ങൾ കൈയ്‌വരിച്ചു മുന്നിലേയ്ക്ക് . രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര നടക്കുന്ന ഘട്ടത്തിൽ തന്നെയാണ് ഗുജറാത്തിൽ ഇത്തരമൊരു ദയനീയ പരാജയം നേരിടേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്.
