
ഒരുകൂട്ടം അർജന്റീനക്കാരുടെ ആഘോഷപ്രകടനങ്ങൾക്കിടയിലേക്കാണ് ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് കളി കഴിഞ്ഞിറങ്ങിയത്. കൊട്ടും പാട്ടും ബഹളവുമായി രംഗംകൊഴുത്തപ്പോൾ മനസിലായി നന്നായി മിനുങ്ങിയിരിക്കുന്നു അവർ.സ്റ്റേഡിയത്തിൽ മദ്യമില്ലാത്തപ്പോൾ ഇതെവിടെനിന്ന് ഒപ്പിച്ചെന്നറിയാൻ അടുത്തുകൂടിയപ്പോഴല്ലേ കാര്യങ്ങൾ മനസിലായത്.
അർജന്റീന രണ്ടുഗോളടിച്ചപ്പോഴേ ജയിച്ചെന്നുകരുതി സ്റ്റേഡിയത്തിൽ നിന്നിറങ്ങി അടുത്തുള്ള ഫാൻപാർക്കിലേക്ക് മദ്യപിക്കാനായി ഇറങ്ങിയതാണവർ. അവിടെച്ചെന്ന് 'അടി' തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഗ്രൗണ്ടിൽ കളിക്കാരുടെ അടിപിടിയും ഷൂട്ടൗട്ടുെമാക്കെ നടക്കുന്നതറിഞ്ഞത്. ഉടനെ ടാക്സി വിളിച്ച് സ്റ്റേഡിയത്തിലേക്ക് വിട്ടു. ഇവിടെയെത്തിയപ്പോൾ കളികഴിഞ്ഞ് അർജന്റീന ജയിച്ചിരിക്കുന്നു. പിന്നെ ആഘോഷം തുടങ്ങി.
ഷൂട്ടൗട്ട് കാണാൻ കഴിയാതെപോയത് സങ്കടമായെങ്കിലും കളി ജയിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു കൂട്ടത്തിൽ അൽപ്പം ഇംഗ്ളീഷറിയാവുന്ന നിക്കോളോ. മെസിക്കുൾപ്പടെ കാർഡ് കാട്ടിയ റഫറിയെ നല്ല ലാറ്റിൻ ഭാഷയിൽ 'ചുരുളി' പ്രയോഗവും നടത്തുന്നുണ്ട് കൂട്ടുകാർ. ആ റഫറിയെ കയ്യിൽകിട്ടിയാൽ നല്ല കിടിലൻ അടി കൊടുക്കുമെന്നാണ് അവർ പറയുന്നതെന്ന് നിക്കോളോ വിവർത്തനം ചെയ്തു.അതോടെ അവിടെനിന്ന് പതിയെ തലയൂരി.