
ദോഹ: ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ടിറ്റെ പടിയിറങ്ങി . ഈ ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് ടിറ്റെ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. 'ബ്രസീൽ ടീമിനൊപ്പമുള്ള എന്റെ സൈക്കിൾ പൂർത്തിയായി. ലോകകപ്പിന് ശേഷം വിടവാങ്ങുമെന്ന ഒന്നര വർഷം മുൻപേ ഞാൻ പറഞ്ഞതാണ്. ഞാൻ വാക്കു പാലിക്കുന്നു. എനിക്ക് പകരക്കാരനായി എന്നേക്കാൾ മികച്ചയാൾ വരും'.- ബ്രസീലിന്റെ പരിശീലക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ടിറ്രെ വ്യക്തമാക്കി.
2016ൽ ദുംഗയ്ക്ക് പകരക്കാരനായാണ് പ്രൊഫസർ എന്ന വിളിപ്പേരുള്ള ടിറ്റെ ബ്രസീൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2019ൽ
കോപ്പ അമേരിക്ക കിരീടം നേടിയതാണ് ബ്രസീൽ പരിശീലകനെന്ന നിലയിൽ 61കാരനായ ടിറ്റെയുടെ ഏറ്റവും മികച്ച നേട്ടം. 2020ലെ കോപ്പയിൽ ചിരവരികളായ അർജന്റീനയ്ക്ക് പിന്നിൽ ബ്രസീലിനെ റണ്ണറപ്പുകളാക്കി. 2018ലേയും ഇത്തവണത്തേയും ലോകകപ്പുകളിൽ ടിറ്റെയുടെ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഈ ലോകകപ്പിൽ ബ്രസീൽ ടീമിലുള്ള 26 പേരേയും കളത്തിലിറക്കി ടിറ്റെ ചരിത്രം സൃഷ്ടിച്ചിരുന്നു.
81 മത്സരങ്ങളിൽ ബ്രസീലിന്റെ പരിശീലകനായി
60 ജയം
11 സമനില
6 തോൽവി
മികച്ച നേട്ടം : 2019ലെ കോപ്പ അമേരിക്ക കിരീടം