
ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പ് റിപ്പോർട്ടിംഗിനിടെ പ്രമുഖ അമേരിക്കൻ സ്പോർട്സ് മാദ്ധ്യമ പ്രവർത്തകൻ ഗ്രാന്റ് വാൾ (48) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. വെള്ളിയാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന - നെതർലൻഡ്സ് മത്സരത്തിന്റെ എക്സ്ട്രാ ടൈമിനിടെ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്സിൽ വച്ചാണ് സി.ബി.എസ് സ്‌പോർട്സിനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കുഴഞ്ഞുവീണതെന്നാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയാണ് ഗ്രാന്റ് 48ാം പിറന്നാൾ ആഘോഷിച്ചത്. പത്ത് ദിവസമായി തനിക്ക് അസ്വസ്ഥതകളുണ്ടെന്നും ബ്രോങ്കൈറ്റിസ് സംശയിക്കുന്നുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ഗ്രാന്റ് തിങ്കളാഴ്ച തന്റെ വെബ്സൈറ്റിൽ കുറിച്ചിരുന്നു. കടുത്ത ഫുട്ബാൾ ആരാധകനായ ഗ്രാന്റ് കവർ ചെയ്യുന്ന എട്ടാമത്തെ ലോകകപ്പാണ് ഖത്തറിലേത്.
കഴിഞ്ഞ മാസം അൽ റയാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന അമേരിക്ക - വെയിൽസ് മത്സരത്തിനിടെ എൽ.ജി.ബി.ടി അംഗങ്ങളുടെ അവകാശങ്ങൾക്ക് പിന്തുണയറിയിച്ച് സ്റ്റേഡിയത്തിലേക്ക് റെയിൻബോ ഷർട്ട് ധരിച്ചെത്തിയതിന് ഗ്രാന്റിനെ സ്റ്റേഡിയം അധികൃതർ തടഞ്ഞുവച്ചിരുന്നു.
ഷർട്ട് മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടെന്നും തന്റെ ഫോൺ അവർ പിടിച്ചെടുത്തെന്നും ഗ്രാന്റ് വെളിപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിലെ ഒരു സുരക്ഷാജീവനക്കാൻ പിന്നീട് തന്റടുത്തെത്തി മാപ്പ് പറഞ്ഞെന്നും സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടെന്നും ഗ്രാന്റ് അറിയിച്ചിരുന്നു. അതേസമയം, ഗ്രാന്റിന്റേത് കൊലപാതകമാണെന്ന് കരുതുന്നതായും അദ്ദേഹം വധഭീഷണി നേരിട്ടിരുന്നെന്നും സഹോദരൻ എറിക് വാൾ ആരോപിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് 19 അഡ്വൈസറി ബോർഡിൽ അംഗമായിരുന്ന പകർച്ചവ്യാധി വിദഗ്ദ്ധ ഡോ. സെലിൻ ഗൗണ്ടർ ആണ് ഗ്രാന്റ് വാളിന്റെ ഭാര്യ. സെലിന്റെ പിതാവ് തമിഴ്നാട് സ്വദേശിയും അമ്മ ഫ്രഞ്ച് വംശജയുമാണ്.