mandous10

ചെന്നൈ: മാമല്ലപുരത്ത് ഇന്നലെ തീരം തൊട്ട മാൻഡോസ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിൽ നാല് മരണം. തകർന്ന കെട്ടിടത്തിൽ കുടുങ്ങിയും വൈദ്യുതാഘാതമേറ്റുമാണ് നാല് പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു. തീരമേഖലയിൽ ശക്തമായ കാറ്റും മഴയുമുണ്ട്. 70 കി.മീ വേഗതയിൽ വീശുന്ന കാറ്റിന്റെ ആഘാതത്തിൽ 400 മരങ്ങൾ കടപുഴകി. ചെന്നൈ വിമാനത്താവളത്തിൽ 30 ആഭ്യന്തര അന്തർദ്ദേശീയ വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളത്തിന്റെ റൺവേ ഇന്നലെ കുറച്ചു നേരം അടച്ചിട്ടിരുന്നു.

ചെന്നൈയിലടക്കം പല പ്രദേശങ്ങളിലും വെള്ളം കയറി. ശക്തമായ തിരയിൽ തമിഴ്നാട്,​ ആന്ധ്രാപ്രദേശ്,​ പുതുച്ചേരി എന്നിവിടങ്ങളിലെ ബോട്ടുകളും വീടുകളും തകർന്നു. പടി‌ഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന മാൻഡോസ് ക്രമേണ ദുർബലമാകുമെന്നും ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. സർക്കാർ സ്ഥിതിഗതികൾ മുൻകൂട്ടി കണ്ടിരുന്നെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ വലിയ നാശനഷ്ടങ്ങൾ തടയാൻ കഴിഞ്ഞെന്നും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. നഷ്ടം കണക്കാക്കി വരികയാണെന്നും ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടുമെന്നും അദ്ദേഹം പറ‌ഞ്ഞു.

മാൻഡോസിനെത്തുടർന്ന് ആന്ധ്രാപ്രദേശിലെ തെക്കൻ തീരദേശ ജില്ലകളിലും കനത്ത മഴയാണ്. മഴക്കെടുതിയിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി. പ്രധാന സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശിച്ചു.

 രക്ഷാപ്രവർത്തനത്തിന് 25000 പേർ

നഗരങ്ങളിലെ 22 സബ്‌വേകളിൽ വെള്ളക്കെട്ട് ഒഴിവാക്കിയതിനാൽ ഗതാഗതം സുഗമമായി. മരം വീണുണ്ടായ തടസങ്ങളും ശരിയാക്കുകയാണ്. 25000 പേർ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ചെങ്കൽപേട്ട്,​ കാഞ്ചീപുരം,​ വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം വളരെവേഗം ചെയ്യാൻ സാധിച്ചു. ചുഴലിക്കാറ്റിൽ ട്രാൻസ്‌ഫോർമറുകൾക്കും തൂണുകൾക്കും കേടുപാടുണ്ടായതോടെ 600 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. 300 സ്ഥലങ്ങളിൽ വൈദ്യുതി പുനക്രമീകരിച്ചു. 205 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 9000ലധികം പേരാണ് നിലവിലുള്ളതെന്ന് റവന്യു,​ ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു.