neymar

അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെയാണ് നെയ്മർ വിരമിക്കൽ സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്.

ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഞാൻ കൊട്ടിയടയ്ക്കുന്നില്ല. എന്നാൽ ബ്രസീൽ ടീമിൽ ഞാൻ ഇനി ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പു പറയാനാകില്ല. ടീമിനും എനിക്കും ഉചിതമായതെന്താണെന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോൾ വളരെ തകർന്ന അവസ്ഥയിലാണ്. കഴിഞ്ഞ ലോകകപ്പിലെ തോൽവിയെക്കാൾ സങ്കടകരമാണിത്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഞങ്ങൾ നന്നായി കളിച്ചു. ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു. - മുപ്പതുകാരനായ നെയ്നമർ വ്യക്തമാക്കി.

ക്രൊയേഷ്യയ്ക്കെതിരെ എക്‌സ്ട്രാ ടൈമിലെ ആദ്യപകുതിയുടെ അധിക സമയത്ത് നെയ്മർ നേടിയ ഗോളിലൂടെ ബ്രസീൽ ലീഡ് നേടിയതായിരുന്നു. ഈ ഗോളിലൂടെ പെലെയ്ക്കൊപ്പം ബ്രസീലിന്റെ ടോപ് ഗോൾ സ്കോറർ പട്ടികയിൽ ഒന്നാമതെത്താനും നെയ്മർക്കായിരുന്നു. 77 ഗോളുകളാണ് പെലെയും നെയ്മറും ബ്രസീലിനായി നേടിയിട്ടുള്ളത്.

2010 മുതൽ ബ്രസീൽ ടീമംഗമായ നെയ്മയർ രാജ്യത്തിനായി 124 മത്സരങ്ങളിൽ കളത്തിലറങ്ങിയിട്ടുണ്ട്. 2010ലെ ബ്രസീലിന്റെ ലോകകപ്പ് ടീമിൽ നെയ്മറെ ഉൾപ്പെടുത്തണമെന്ന് പെലെയും റൊമാരിയോയും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും 14,000ത്തോളം പേർ ഒപ്പിട്ട് അപേക്ഷ നൽകിയിട്ടുംപരിശീകനും ലോകകപ്പ് നേടിയ നായകനുമായ ദുംഗ ചെവിക്കൊണ്ടില്ല. എന്നാൽ 2014ൽ ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ആയപ്പോഴേക്കും നെയ്മർ കാനറികളുടെ ഐക്കൺ താരമായിക്കഴിഞ്ഞിരുന്നു. പക്ഷേ ക്വാർട്ടറിൽ കൊളംബിയൻ താരം സുനിഗയുടെ മാരക ഫൗളിൽ നട്ടെല്ലിന് പരിക്കേറ്റ് നെയ്മർക്ക് ലോകകപ്പിൽ നിന്ന പിൻമാറേണ്ടി വന്നിരുന്നു. നെയ്മറുടെ പരിക്കിൽ താളം നഷ്ടമായ ബ്രസീൽ ജർമ്മനിയോട് 1-7മന്റെ വമ്പൻ തോൽവി വഴങ്ങി കണ്ണീരോർമ്മയായി. 2018ലെ റഷ്യൻ ലോകകപ്പിൽ ഹോട്ട് ഫേവറിറ്റുകളായിരുന്ന നെയ്മറും സംഘവും ക്വാർട്ടറിൽ ബൽജിയത്തിന് മുന്നിൽ വീണുപോയി. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തേ പലതവണ നെയ്മർ പറഞ്ഞിട്ടുണ്ട്.

ഒരു കളിക്കരനെന്ന നിലയിൽ എനിക്ക ലോകകപ്പ് കിരീടമുയർത്താൻ കഴിഞ്ഞില്ലയെന്നത് വലിയ സങ്കടമാണ്. ഭാവിയിൽ വേറെ ഏതെങ്കിലും റോളിൽ എനിക്കാ ഭാഗ്യം കിട്ടുമോയെന്ന് ആർക്കറിയാം.

തിയാഗോ സിൽവ

ബ്രസീൽ ക്യാപ്ടൻ