pic

ദുബായ്: യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ 'എമിറ്റേറ്റ്സ് ലൂണാർ മിഷൻ" ഇന്ന് വിക്ഷേപിക്കും. യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം. ജാപ്പനീസ് കമ്പനിയായ ഐസ്പേസിന്റെ ഹാകുറ്റോ - ആർ ലാൻഡറാണ് റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിലിറക്കുക.

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ ഗവേഷകർ നിർമ്മിച്ച 'റാഷിദ് " എന്ന റോവറിനെ ചന്ദ്രനിലിറക്കാനാണ് പദ്ധതി. കാലാവസ്ഥയുൾപ്പെടെയുള്ള ഘടകങ്ങൾ അനുകൂലമായാൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.08ന് ദൗത്യം വിക്ഷേപിക്കും.

ചന്ദ്രന്റെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വരുന്ന ഏപ്രിലോടെ നാല് വീലുകളും 10 കിലോ ഭാരവുമുള്ള റോവർ ചന്ദ്രനിലിറങ്ങും. ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. യു.എസ്, റഷ്യ, ചൈന എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തുമിന്റെ പേരാണ് റോവറിന് നൽകിയിരിക്കുന്നത്. ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, ശിലകൾ, പൊടി, ചന്ദ്രന്റെ ഫോട്ടോ ഇലക്ട്രോൺ കവചം തുടങ്ങിയ റാഷിദ് റോവർ പഠന വിധേയമാക്കും. രണ്ട് ഹൈ റെസലൂഷൻ കാമറകളും ഒരു മൈക്രോസ്കോപ്പിക് കാമറയും തെർമൽ ഇമേജിംഗ് കാമറയും റാഷിദിൽ ഘടിപ്പിച്ചിട്ടുണ്ട്. നവംബർ 30നും ഡിസംബർ 1നും വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചിരുന്നു.