
ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം. നാടകീയ സംഭവങ്ങൾക്ക് വിരാമമിട്ട് സുഖ്‌വിന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. നാളെ രാവിലെ 11നാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ പി.സി.സി അദ്ധ്യക്ഷ പ്രതിഭാ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് നിരീക്ഷകൻ ഭൂപേഷ് ബാഗൽ പ്രഖ്യാപനം നടത്തിയത്. സമവായ ശ്രമങ്ങളുടെ ഭാഗമായി പ്രതിഭാ സിംഗിന്റെ മകൻ വിക്രം സിംഗിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.
കൂടുതൽ എം.എൽ.എമാർ പിന്തുണച്ചതാണ് സുഖ്‌വിന്ദർ സിംഗിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖമന്ത്രിയാക്കണമെന്ന പാർട്ടി നിലപാടും അദ്ദേഹത്തിന് ഗുണകരമായി. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നാണ് സുഖ്‌വിന്ദർ സിംഗ് നാലാമതും തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിൽ പ്രചാരണ സമിതി അദ്ധ്യക്ഷനും സുഖുവായിരുന്നു.
കോൺഗ്രസിന് മികച്ച ജയം നേടിക്കൊടുത്ത ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനും സുഖ്‌വിന്ദർ നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.