
മുംബയ്: സ്വത്ത് തർക്കത്തെത്തുടർന്ന് പ്രശസ്ത ടെലിവിഷൻ താരം വീണാ കപൂറിനെ (74) മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞു. സംഭവത്തിൽ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വീണയെ ബെയ്സ്ബോൾ കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം സച്ചിനും ലാലുവും ചേർന്ന് റായ്ഗഡ് ജില്ലയിലെ വനത്തിലുള്ള നദിയിൽ വലിച്ചെറിയുകയായിരുന്നു.
12 കോടി മൂല്യമുള്ള സ്വത്തിന്റെ പേരിൽ വീണയും മകനും തമ്മിൽ ഏറെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നു. വീണയെ കാണാതായതിനെത്തുടർന്ന് ഇവർ താമസിച്ചിരുന്ന കല്‌പതരു സൊസൈറ്രിയിലെ സുരക്ഷാ ജീവനക്കാരൻ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് സച്ചിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏറെ നാളായി അമേരിക്കയിലായിരുന്നു സച്ചിൻ.