k-surendran

തിരുവനന്തപുരം: മുസ്ലീം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേയ്ക്ക് എത്തിക്കാനുള്ല ആസൂത്രണം അണിയറയിൽ സജീവമാണെന്നും അതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവനകളെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടായി പറഞ്ഞു.

വിഭാഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ലീഗ് വർഗീ പാർട്ടിയാണെന്നായിരുന്നു നേരത്തെ സിപിഎമ്മിന്റെ നിലപാട്. ലീഗിനെ ഒഴിവാക്കിയുള്ള ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ സിപിഎം നടത്തുന്നത് വർഗീയ ധ്രുവീകരണത്തിനുള്ല നീക്കമാണ്. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കാനുള്ല നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം ലീഗിനെ പ്രശംസിച്ചതിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വർഗീയതക്കെതിരെ കൂട്ടായ്മ വേണമെന്നും അല്ലാതെ രാഷ്ട്രീയ കൂട്ടുകെട്ടല്ല വേണ്ടതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. എൽ ഡി എഫിലേയ്ക്ക് ആരെയും ക്ഷണിച്ചിട്ടില്ല. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യു ഡി എഫ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. ആ കാര്യമാണ് താൻ ചുണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.