പോർച്ചുഗലിനെ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ 1-0ത്തിന് തോൽപ്പിച്ചു
ലോകകപ്പ് സെമിയിൽ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ
ദോഹ : അത്ഭുതങ്ങൾ അവസാനിക്കാത്ത ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഏക പക്ഷീയമായ ഏക ഗോളിന് കരുത്തരായ പോർച്ചുഗലിനെ അട്ടിമറിച്ച മൊറോക്കോ ലോകകപ്പിന്റെ അവസാന നാലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന ചരിത്രം കുറിച്ചു.
42-ാം മിനിട്ടിൽ യൂസഫ് എൻ നസ്‌രിയിലൂടെയാണ് മൊറോക്കോ സ്കോർ ചെയ്തത്. ഇടതുവിംഗിൽ നിന്ന് ആത്വിയത്ത് അല്ലാ ഉയർത്തി നൽകിയ പന്ത് ഉയർന്നുചാടി കൃത്യമായി ഹെഡ് ചെയ്താണ് യെൻ നസ്‌രി പറങ്കികളുടെ വല കുലുക്കിയത്.ഈ ഗോളിന് ആദ്യ പകുതിയിൽ മൊറോക്കോ ലീഡ് ചെയ്തു.
സ്വിറ്റ്സർലാൻഡിനെതിരായ പ്രീ ക്വാർട്ടറിൽ ആറുഗോളുകളടിച്ച പറങ്കികളെ കൃത്യമായി പ്രതിരോധിക്കുകയും ആദ്യ പകുതിയിൽ കിട്ടിയ അവസരത്തിൽ വലകുലുക്കുകയും ചെയ്താണ് മൊറോക്കോ വിസ്മയം സൃഷ്ടിച്ചത്. മറുവശത്ത് കോച്ച് സന്റോസിന്റെ പരീക്ഷണങ്ങൾ ഫലം കണ്ടില്ലെന്ന് മാത്രമല്ല മൊറോക്കോ ഗോളി ബോനോയുടെ സേവുകൾക്ക് മുന്നിൽ പോർച്ചുഗൽ തകരുകയും ചെയ്തു.
പ്രീ ക്വാർട്ടറിലെന്നപോലെ ഇന്നലെയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫസ്റ്റ് ഇലവനിൽ ഉൾപ്പെടുത്താതെയാണ് പോർച്ചുഗൽ കോച്ച് ഫെർണാൻഡോ സാന്റോസ് ടീമിനെ ഇറക്കിയത്. സ്വിറ്റ്സർലാൻഡിനെതിരെ ഹാട്രിക്ക് നേടിയ ഗോൺസാലോ റാമോസാണ് ക്രിസ്റ്റ്യാനോയ്ക്ക് പകരം ആദ്യ ഇലവനിലിറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ പിന്നിലായതോടെ 51-ാം മിനിട്ടിൽ സാന്റോസ് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കി.
കളിയുടെ അവസാനസമയത്ത് മൊറോക്കോയുടെ വലീദ് ഛദ്ദീര ചുവപ്പുകാർഡ് കണ്ട് മടങ്ങി.
ആദ്യ സെമി അർജന്റീനയും
ക്രൊയേഷ്യയും തമ്മിൽ
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലുകളിൽ വിജയം കണ്ട് അർജന്റീനയും ക്രൊയേഷ്യയും ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയിട്ടുണ്ട്. നിലവിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീലിനെയാണ് ക്വാർട്ടർ ഷൂട്ടൗട്ടിൽ തോൽപ്പിച്ചത്. അർജന്റീന മറ്റൊരു ഷൂട്ടൗട്ടിൽ ഹോളണ്ടിന്റെ വെല്ലുവിളി മറികടന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇരു ടീമുകളും തമ്മിലുള്ള സെമിഫൈനൽ.