
ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള നൂറുകണക്കിന് ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ ഇ മെയിൽ സർവീസായ ജി മെയിലിന്റെ പ്രവർത്തനം ഇന്നലെ തടസപ്പെട്ടെന്ന് പരാതി. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.42 മുതലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം. ഇ മെയിലുകൾ ലഭിക്കുന്നില്ലെന്നും ഇ മെയിലുകൾ അയയ്ക്കാൻ സാധിക്കുന്നില്ലെന്നും പലരും സമൂഹ മാദ്ധ്യമങ്ങളിലൂടെ പരാതിപ്പെട്ടു. ആപ്പ്, ഡെസ്ക്ടോപ്പ് വേർഷൻ ഉപഭോക്താക്കളെ തടസം ഒരുപോലെ ബാധിച്ചെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേ സമയം, ജി മെയിൽ എന്റർപ്രൈസ് സർവീസിന് പ്രശ്നങ്ങളൊന്നും നേരിട്ടില്ല. ഇന്ത്യൻ ഉപഭോക്താക്കൾക്കും ജി മെയിലിൽ തടസം നേരിട്ടെന്നാണ് റിപ്പോർട്ട്.