
സ്റ്റോക്‌ഹോം : ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ ഇന്നലെ വിതരണം ചെയ്തു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ജയിലിലടച്ച ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ എയ്ൽസ് ബിയാലിയാറ്റ്സ്കി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടച്ചു പൂട്ടിയ രാജ്യത്തെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയിൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്കായിരുന്നു ഈ വർഷത്തെ സമാധാന നോബൽ. യുക്രെയിൻ - റഷ്യ അധിനിവേശ പശ്ചാത്തലത്തിനിടെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള സമാധാന നോബൽ ജേതാക്കൾ വേദിയിൽ അണിനിരന്നത് അപൂർവതയായി. സെന്റർ ഫോർ സിവിൽ ലിബർട്ടീസിന് വേണ്ടി മേധാവി ഒലക്സാൻഡ്ര മാറ്റ്‌വിചക്, മെമ്മോറിയലിന് വേണ്ടി ആക്ടിവിസ്റ്റ് ജാൻ റാചിൻസ്കി, എയ്ൽസ് ബിയാലിയാറ്റ്സ്കിക്ക് വേണ്ടി ഭാര്യ നതാലിയ പിൻചക് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. സമാധാന നോബൽ വിതരണം നോർവെയിലെ ഓസ്‌ലോ സിറ്റി ഹാളിൽ നടന്നപ്പോൾ മറ്റുള്ളവയുടെ വിതരണം ഇന്നലെ രാത്രി മുതൽ സ്വീഡനിലെ സ്റ്റോക്‌ഹോം കൺസേർട്ട് ഹാളിൽ തുടങ്ങി. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമാധാന നോബൽ വേദിയിൽ ഉയർന്നത്. യുക്രെയിൻ വിഷയത്തിൽ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ആഹ്വാനങ്ങൾ ഒലക്സാൻഡ്ര മാറ്റ്‌വിചക് തള്ളി. ഇത് യുക്രെയിനിൽ റഷ്യ അനധികൃതമായി പിടിച്ചെടുത്ത ഭൂമി അവർ നിലനിറുത്താനിടയാക്കുമെന്നും സമാധാനത്തിനായി പോരാടുക എന്നതിനർത്ഥം അക്രമിയുടെ സമ്മർദ്ദത്തിന് വഴങ്ങുകയല്ല എന്നും ഒലക്സാൻഡ്ര മാറ്റ്‌വിചക് പറഞ്ഞു. ഒക്ടോബർ ആദ്യവാരമാണ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോബൽ സമ്മാനങ്ങൾ നേരിട്ട് വിതരണം ചെയ്യുന്നത്.