
ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ
ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന്
ദോഹ:ആരുമില്ലാതെ വന്നവരായിരുന്നു അവർ.എന്നാൽ തലകുനിക്കാത്ത ആക്രമണ വീര്യവും പതറാത്ത പ്രതിരോധവുംകൊണ്ട് അവർ ഖത്തറിൽ ചരിത്രമെഴുതി. യൂറോപ്പിലെ മൂന്നാമത്തെ വൻശക്തിയും അവർക്കുമുന്നിൽ കടപുഴകി വീണു. അതേ, ഖത്തർ ലോകകപ്പിൽ മാന്ത്രിക അട്ടിമറികളുമായി മൊറോക്കോ വിസ്മയമായി മാറുകയാണ്. ആഫ്രിക്കൻ വൻകരയിൽ നിന്ന് ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന രാജ്യമെന്ന് സ്വർണലിപികളിൽ അവർ എഴുതിച്ചേർത്തിരിക്കുന്നു. അതും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറുപടിയില്ലാത്ത ഏക ഗോളിന് കീഴടക്കി.
42-ാം മിനിട്ടിൽ യൂസഫ് എൽ നെസ്റിയാണ് മൊറോക്കയ്ക്കായി ലക്ഷ്യം കണ്ടത്.ഇടതുവിംഗിൽ നിന്ന് ആത്വിയത്ത് അല്ലാ ഉയർത്തി നൽകിയ പന്ത് ഉയർന്നുചാടി കൃത്യമായി ഹെഡ് ചെയ്താണ് യെൻ നസ്‌രി പറങ്കികളുടെ വല കുലുക്കിയത്. ഈ ഗോളിന്റെ ആനുകൂല്യം മുതലെടുത്ത് പ്രതിരോധം മുറുക്കിനിന്ന മൊറോക്കോയെ മറികടക്കാൻ ക്രിസ്റ്റ്യാനോയെ രണ്ടാം പകുതിയിൽ ഇറക്കിയിട്ടും പറങ്കികൾക്ക് പുറത്താകൽ ഒഴിവാക്കാനായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് 93-ാം മിനിട്ടിൽ വാലിദ് ചെദ്ദിര രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങിപുറത്ത് പോയതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പോർച്ചുഗൽ ആക്രമണങ്ങളെ സമർത്ഥമായി ചെറുത്ത് മൊറോക്കോ വിജയവും സെമിയും ഉറപ്പിക്കുകയായിരുന്നു.
ഇവർ വിജയശിൽപ്പികൾ
1.ക്രോസ് ബാറിന് കീഴിൽ ഒരിക്കൽക്കൂടി മിന്നും സേവുകളുമായി കളം നിറഞ്ഞ ഗോളി ബോനോയാണ് മൊറോക്കൻ വിജയത്തിൽ നിർണായക സാന്നിധ്യമായത്.
2. പൊസഷനിലും പാസിംഗിലുമെല്ലാം പോർച്ചുഗലായിരുന്നു മുന്നിലെങ്കിലും വീണുകിട്ടിയ അവസരം മുതലാക്കിയ യെൻ നസ്റിയുടെ ഗോൾ നിർണായകമായി.
3. ഹക്കിം സിയേഷും ആത്വിയത്ത് അല്ലായും ബൗഫലും നടത്തിയ കൗണ്ടർ അറ്റാക്കുകൾ പോർച്ചുഗലിന്റെ ആൾഒൗട്ട് ആക്രമണ ശ്രമങ്ങൾക്ക് തടയിടുന്നതായി.
4. പ്രതിരോധത്തിൽ മികവ് കാട്ടിയത് അഷ്റഫ് ഹക്കീമിയും അമ്രാഹത്തുമാണ്.
കണ്ണീരോടെ ക്രിസ്റ്റ്യാനോ മടങ്ങി
പ്രീക്വാർട്ടറിലേപ്പോലെ ക്വാർട്ടറിലും ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോയെ കോച്ച് സാന്റോസ് ഇന്നലെയും ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യ പകുതിയിൽ ഗോൾ വാങ്ങിയ തോടെ ക്രിസ്റ്റ്യാനോ പകരക്കാരനായി കളത്തിലേക്കിറങ്ങി. പക്ഷേ തന്റെ അവസാനത്തേതാകാവുന്ന ലോകകപ്പിൽ നിന്ന് കണ്ണീരോടെ മടങ്ങേണ്ടിവന്നു. മൂന്ന് ഡിഫൻഡർമാരാൽ തളയ്ക്കപ്പെട്ട ക്രിസ്റ്റ്യാനോ ഗോളടിക്കാൻ പാകത്തിൽ ഒരു പാസ് നൽകിയെങ്കിലും അത് നഷ്ടപ്പെടുത്തിയത് വലിയ നിരാശയായി.
1-0
42-ാം മിനിട്ട്
യെൻ നെസ്റി
യഹിയയുടെ തകർപ്പൻ ക്രോസ് പിടിച്ചെടുക്കാനെത്തിയ പോർച്ചുഗൽ ഗോളി ഡിയാഗോ കോസ്റ്റയ്ക്ക് ഒരവസരവും നൽകാതെ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി നെസ്റി കൃത്യമായ ഹെഡ്ഡറിലൂടെ വലകുലുക്കി.
3
മൊറോക്കോയ്ക്കായി ലോകകപ്പിൽ മൂന്ന് ഗോൾ നേടുന്ന ആദ്യ താരമായി നെസ്റി.
മൊറോക്കോയുടെ അട്ടിമറികൾ
ഗ്രൂപ്പ് റൗണ്ടിൽ ബെൽജിയത്തെ 2-0ത്തിന്
പ്രീ ക്വാർട്ടറിൽ സ്പെയ്നിനെ ഷൂട്ടൗട്ടിൽ
ക്വാർട്ടറിൽ പോർച്ചുഗലിനെ 1-0ത്തിന്
1990ൽ കാമറൂണും 2002ൽ സെനഗലും 2010ൽ ഘാനയുമാണ് ഇതിന് മുമ്പ് ലോകകപ്പ് ക്വാർട്ടറിൽ കളിച്ച ആഫ്രിക്കൻ ടീമുകൾ. ഇവർക്കാർക്കും സെമിയിൽ കളിക്കാനായില്ല.
പോർച്ചുഗൽ ആദ്യമായാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ തോൽക്കുന്നത്.
196
രാജ്യത്തിന് വേണ്ടി 196-ാമത് മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച കുവൈറ്റി താരം ബദർ അൽ മുത്താവയുടെ റെക്കാഡിനാെപ്പമെത്തി.