soudi-rainfall

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയും ശീതക്കാറ്റും. റിയാദ് നഗരത്തിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലുമാണ് വ്യാപകമായി മഴ ലഭിച്ചത്. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടർന്ന് പെയ്യുന്നുണ്ട്. മഴ കനത്തതോടെ പല ഭാഗങ്ങളിലെയും താഴ്‌വാരങ്ങളിൽ മല വെള്ളപ്പാച്ചിലുണ്ടായി. റൗദ അൽസബ്ല, മർഖ്, അൽനഫൂദ് തുടങ്ങിയ താഴ്‌വരകളിലാണ് വെള്ളമൊഴുക്കുണ്ടായിട്ടുള്ളത്.

രാത്രി മഴ കനക്കുമെന്നും ശക്തമായ കാറ്റുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ് ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ അറിയിപ്പുണ്ട്. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളായ ജീസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിലും പടിഞ്ഞാറ് മക്കയിലും ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം തന്നെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.