
കൊച്ചി: ഇന്ന് എറണാകുളത്ത് കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നു. രാവിലെ 10.30ന് എറണാകുളം ഡി സി സി ഓഫീസിലാണ് യോഗം ചേരുന്നത്. വിഴിഞ്ഞം സമരം, ഗവർണർ- സർക്കാർ പോര് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിൽ പൊതുധാരണ ഇല്ലാതെപോയിട്ടും രാഷ്ട്രീയകാര്യ സമിതി വിളിച്ചില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരൻ അടക്കമുള്ള നേതാക്കളും ഉന്നയിച്ചേക്കുമെന്നാണ് വിവരം.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ലീഗിനെ പ്രശംസിച്ചതും യോഗത്തിൽ ചർച്ചയാകും. സമീപകാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഗവർണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വർഗീയവത്കരിക്കുന്ന നിലപാടിനെ കുറിച്ചായാലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാണ് ലീഗ് സ്വീകരിച്ച നിലപാടെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വാക്കുകൾ.
പിന്നാലെ എം വി ഗോവിന്ദന്റെ ആദ്യ അഭിപ്രായത്തിന് മറുപടിയായി മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞത്. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർത്ഥ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചിരുന്നു.
എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖ്യാനം നൽകേണ്ടെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഏകീകൃത സിവിൽകോഡിൽ കോൺഗ്രസ് ശ്രദ്ധിക്കണം. വഹാബിന്റെ രാജ്യസഭയിലെ വിമർശനം പോസിറ്റീവായി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു. ലീഗിനെ യു ഡി എഫിൽ നിന്ന് അടർത്താനുള്ള വെള്ളം വാങ്ങിവച്ചേക്കാനും, മുന്നണിയിൽ അപസ്വരങ്ങളില്ലെന്നുമാണ് വി ഡി സതീശൻ അറിയിച്ചത്.