
തിരുവനന്തപുരം: ഇലന്തൂർ നരബലിയുടെ നടുക്കം മാറുംമുമ്പ്, തലസ്ഥാനത്ത് വെള്ളായണിയിൽ മരണദോഷം മാറ്റാനെന്നു പറഞ്ഞെത്തിയ മന്ത്രവാദിനി കുടുംബത്തെ പറ്റിച്ച് 55 പവനും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയ സംഭവം പുറത്തുവന്നു. വെള്ളായണി തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ കുടംബമാണ് കളിയിക്കാവിള ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയുടെ തട്ടിപ്പിനിരയായത്. 2021ൽ നടന്ന സംഭവം പ്രതികളുടെ ഭീഷണിയെത്തടർന്ന് കുടുംബം ആദ്യം പുറത്തു പറയാതിരുന്നു. നാലു മാസം മുമ്പ് നേമം പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുത്തില്ല. ഇന്നലെ വാർത്താചാനലിനോട് സംഭവം പങ്കുവച്ചതിന് പിന്നാലെ വിദ്യയും സംഘവും ഒളിവിൽപ്പോയി.
2020ൽ വിശ്വംഭരന്റെ മകനുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ മരണമടഞ്ഞിരുന്നു. ശാപമാണെന്നും മാറ്റാൻ ആളുണ്ടെന്നും പറഞ്ഞ് പരിചയക്കാരനായ നെയ്യാറ്റിൻകര സ്വദേശി അഭിഭാഷകനാണ് വിശ്വംഭരനെയും മകൾ വിനിതുവിനെയും 2021 ജനുവരിയിൽ വിദ്യയുടെ അടുത്തെത്തിക്കുന്നത്. വിദ്യയും നാലംഗസംഘവും 2021 ജനുവരിയിൽ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തി. വീണ്ടും ദുർമരണം ഉണ്ടാകുമെന്നു പറഞ്ഞ് വിദ്യ കുടുംബത്തെ ഭയപ്പെടുത്തി. മകന്റെ അകാലമരണത്തിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വിശ്വംഭരനും കുടംബവും ഇത് വിശ്വസിച്ചു. തുടർന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. രാത്രിയിലായിരുന്നു പൂജകൾ.
ദേവി പ്രീതിപ്പെടണമെങ്കിൽ സ്വർണവും പണവും പൂജാമുറിയിലെ അലമാരിയിൽ വച്ച് പൂജിക്കണമെന്ന് വിദ്യ പറഞ്ഞതോടെയാണ് 55 പവനും ഒന്നര ലക്ഷം രൂപയുമേൽപ്പിച്ചത്. ഇവ അലമാരയിൽ വച്ച് പൂട്ടി. പതിനഞ്ച് ദിവസം അലമാര തുറക്കാൻ പാടില്ലെന്നും ആൾദൈവം അറിയിച്ചു. ദേവിയും ഇരുതല സർപ്പവും അദൃശ്യമായി മുറിയിലുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ചതിനാൽ വീട്ടുകാർ അവിടെ കയറാൻ ധൈര്യപ്പെട്ടില്ല. ഇടയ്ക്ക് രണ്ടു നാൾ സംഘം വന്ന് പൂജകൾ നടത്തി. എന്നാൽ, സംഘം പറഞ്ഞ പതിനഞ്ച് ദിവസം കഴിഞ്ഞതോടെ വരാതായി. അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായി. പിന്നീടത് ഒരു വർഷമായി. ഒടുവിൽ സംശയം തോന്നി നാല് മാസം മുൻപ് വീട്ടുകാർ അലമാര തുറപ്പോഴാണ് സ്വർണവും പണവും തട്ടിയെടുത്തത് അറിയുന്നത്. വിദ്യയുടെ വീട്ടിൽ തിരക്കിയെത്തിയപ്പോൾ കേസ് കൊടുത്താൽ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരന്നു.
കേസെടുക്കാതെ പൊലീസിന്റെ ഭീഷണി
ആദ്യം നേമം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. അന്നത്തെ എസ്.ഐ സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കി. പിറ്റേ ദിവസം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കള്ളപ്പരാതിയാണെന്നു പറഞ്ഞ് വിരട്ടിയതായി വിശ്വംഭരൻ പറഞ്ഞു. സ്റ്റേഷനു പിറകിൽ വച്ച് വിദ്യയുടെ അനുയായി ഒരു പൊതി എസ്.ഐക്ക് നൽകിയെന്നും അത് കണ്ടുനിന്ന തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും വിശ്വംഭരൻ പറഞ്ഞു. മുഖ്യമന്ത്രി,സിറ്റി പൊലീസ് കമ്മിഷണർ,ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിരിക്കയാണ്.
29.5 പവൻ തിരിച്ചു കൊടുപ്പിച്ചെന്ന് പൊലീസ്
പരാതി സ്വർണപ്പണയത്തിന്റെ പേരിലുള്ള കൊടുക്കൽവാങ്ങലെന്ന് നേമം പൊലീസ്. അതുകൊണ്ടാണത്രെ കേസെടുക്കാത്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് പരാതി ലഭിച്ചത്. തങ്ങൾക്ക് കേസ് വേണ്ടെന്നും സ്വർണം തിരികെ കിട്ടണമെന്നും പറഞ്ഞതിനാൽ എതിർക്ഷിയെയും വിളിച്ചുവരുത്തി. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പണയം വയ്ക്കാൻ നൽകിയതാണെന്നായിരുന്നു വിശദീകരണം. 29.5 പവൻ പലപ്പോഴായി തിരികെ നൽകിയിട്ടുണ്ടെന്നും