sumathi

പാലക്കാട്: അട്ടപ്പാടിയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ കെട്ടി ചുമന്ന്. സുമതി മുരുകൻ എന്ന യുവതിയെയാണ് ബന്ധുക്കൾ അർദ്ധരാത്രിയിൽ മൂന്നര കിലോമീറ്ററോളം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവം.

ഇന്നലെ അർദ്ധരാത്രിയോടെയാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും റോഡ് മോശമായതിനാൽ ഇവിടേക്ക് എത്താനായില്ല. രാത്രി ആനയിറങ്ങുന്ന പ്രദേശം കൂടിയായതിനാൽ സ്വകാര്യ വാഹനങ്ങളും കിട്ടിയില്ല.

റോഡിന്റെ അവസ്ഥമൂലം ആനവായ് എന്ന പ്രദേശം വരെയേ ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. കടുകമണ്ണ ഊരിൽ നിന്ന് ആനവായ് വരെ മൂന്നര കിലോമീറ്ററോളം യുവതിയെ ബന്ധുക്കൾ ചുമന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു പ്രസവം. ഒരു സ്വകാര്യ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.