orange-cake

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. പ്രത്യേകിച്ചും ഈ ക്രിസ്‌മസ് കാലത്ത് വിവിധ രുചികളിലെ കേക്കുകൾ നമ്മൾ കഴിക്കാറും പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ നല്ല കേക്ക് നമ്മളിനി പുറത്തുനിന്ന് തന്നെ വാങ്ങണമെന്നില്ല. എളുപ്പത്തിൽ നമ്മുടെ വീട്ടിൽതന്നെ ഉണ്ടാക്കാൻ സാധിക്കും. ഓവൻ ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഓറഞ്ച് കേക്ക് പരിചയപ്പെടാം.

ആവശ്യമായ ചേരുവകൾ

ഒരു കപ്പ് മൈദ (250 എം എൽ കപ്പ്)

ഒരു ഓറഞ്ച്

സൺഫ്ളവർ ഓയിൽ

ബേക്കിംഗ് സോഡ

ബേക്കിംഗ് പൗഡർ

രണ്ട് മുട്ട

വാനില എസൻസ്

പഞ്ചസാര

ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് മൈദ എടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്‌പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീ‌സ്‌പൂൺ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കണം. ഇവ യോജിപ്പിച്ച് നന്നായി അരിച്ചെടുക്കണം. ജലാംശം ഒട്ടുമില്ലാത്ത മിക്‌സി ജാറിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചത്, കുറച്ച് വാനില എസൻസ് എന്നിവ ചേർത്ത് അടിച്ചെടുക്കണം. ഇതിലേയ്ക്ക് മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് കുറച്ച് കുറച്ചായി വീണ്ടും അടിച്ചെടുക്കാം. ഇതിൽ കാൽകപ്പ് വെജിറ്റബിൾ ഓയിൽ ( സൺഫ്ളവർ ഓയിലും ആകാം) ചേർത്ത് വീണ്ടും അടിച്ചെടുത്ത് മാറ്റിവയ്ക്കണം. അടുത്തതായി ഒരു ഓറഞ്ച്, ജ്യൂസ് ആക്കിയെടുക്കാം. തുടർന്ന് അരിച്ചുമാറ്റിവച്ചിരിക്കുന്ന മാവിലേയ്ക്ക് മുട്ട അടിച്ചതും കുരു കളഞ്ഞ ഓറഞ്ച് ജ്യൂസും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്ക്ക് ഓറഞ്ച് ഫുഡ് കളർ ഉണ്ടെങ്കിൽ ചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് ഓറഞ്ചിന്റെ തൊലി അടിച്ചെടുത്തത് ഒരു സ്‌പൂൺ കൂടി ചേർത്തിളക്കാം. ബാറ്റർ ബേക്ക് ചെയ്യാനുള്ള പാത്രത്തിലേയ്ക്ക് മാറ്റി അഞ്ച് മിനിട്ട് ഹൈ ഫ്ളേമിലും മുപ്പത് മിനിട്ട് ലോ ഫ്ളേമിലും ബേക്ക് ചെയ്തെടുക്കാം. നല്ല ടേസ്റ്റി ഓറഞ്ച് കേക്ക് റെഡി.