
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഇടപെടണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. വൻ തിരക്കുള്ള സമയങ്ങളിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടാനാകുമോയെന്നും കോടതി ചോദിച്ചു. തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.
നിലയ്ക്കൽ തൊട്ട് ളാഹ വരെ പൊലീസ് പട്രോളിംഗ് ഉണ്ടാകണമെന്നും ഹൈക്കോടതി നിർദേശം നൽകി. നിലയ്ക്കലിലെ പാർക്കിംഗ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, വെർച്വൽ ക്യൂ ബുക്കിംഗ് കുറയ്ക്കണമെന്നും പ്രവേശനം 85,000 പേർക്കായി ചുരുക്കണമെന്നുമാണ് പൊലീസിന്റെ ആവശ്യം.
ഇന്നലെ തീർത്ഥാടകരുടെ തിരക്ക് മൂലം ശബരിമലയിലെ നിയന്ത്രണങ്ങൾ താളംതെറ്റിയിരുന്നു. തിരക്കിൽപ്പെട്ട് ശാരീരിക അസ്വസ്ഥതകളുണ്ടായ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി വലിയനടപ്പന്തൽ തിങ്ങിനിറഞ്ഞ നിലയിലാണ്. പ്രതിദിന തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലേക്കെത്തിയിരുന്നു.
പ്രധാന ഇടത്താവളങ്ങളിലെല്ലാം ഇന്നലെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. പത്ത് ഹെക്ടറുള്ള നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് ഇന്നലെ പുലർച്ചെ തന്നെ നിറഞ്ഞുകവിഞ്ഞു. റബർ തോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് തീർത്ഥാടന പാതയിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. മിക്കയിടങ്ങളിലും ആറ് മുതൽ എട്ട് കിലോമീറ്ററുകൾ വരെ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.