
ശ്രീനഗർ : ജമ്മു കാശ്മീർ താഴ്‌വരയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിൽ സൈന്യവും പൊലീസും വലിയ പങ്കാണ് വഹിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കുന്നതിനാൽ തീവ്രവാദികളുടെ സാന്നിദ്ധ്യം വലിയ അളവിൽ കുറയ്ക്കാനും സേനയ്ക്ക് കഴിഞ്ഞു. ജമ്മു കാശ്മീരിൽ ഇനി തീവ്രവാദികളുടെ ഉയർന്ന കമാൻഡർമാർ ആരും അവശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ജമ്മു കാശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്.
യുവാക്കൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ പിന്തുണയാൽ ജമ്മു കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വർഷം മാത്രം 44 മുൻനിര കമാൻഡർമാരെ വധിച്ചു. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളിൽ നിന്നും തീവ്രവാദികളെ തുടച്ചു നീക്കിയതായും ഡി ജി പി പറഞ്ഞു. ഇനി ശേഷിക്കുന്ന ജില്ലയിൽ മൂന്ന് നാല് തീവ്രവാദികളാണുള്ളത്. അവിടെയും നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനം ഇല്ലാതാക്കാനുള്ള പാക് ശ്രമങ്ങളെ നേരിടാൻ സുരക്ഷാ സേനയ്‌ക്കൊപ്പം പൊലീസും മുന്നിട്ടിറങ്ങുന്നു. ഇപ്പോൾ തീവ്രവാദ നിരയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുന്നു. ഇതിനായി തങ്ങൾ യുവാക്കൾക്ക് കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും, ജമ്മുവിൽ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ യുവാക്കൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും ദിൽബാഗ് സിംഗ് കൂട്ടിച്ചേർത്തു.