
ജീവിത പങ്കാളിക്ക് ആദ്യമായി സമ്മാനം നൽകുമ്പോൾ അതെന്താവണം എന്നതിനെ കുറിച്ച് തലപുകയ്ക്കുന്നവരാണ് ഏറെയും. എന്നാൽ പാകിസ്ഥാൻകാരനായ യൂട്യൂബർ അസ്ലൻ ഷായ്ക്ക് ഇക്കാര്യത്തിൽ അധികമൊന്നും ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. സുന്ദരനായ ഒരു കഴുതക്കുട്ടിയുമായാണ് അദ്ദേഹം വിവാഹം കഴിക്കാൻ പോയത്. വിവാഹദിനത്തിൽ വധുവിന് നൽകിയ സമ്മാനത്തിന്റെ വീഡിയോയും യൂട്യൂബർ പങ്കുവച്ചു. സമൂഹമാദ്ധ്യമങ്ങളിൽ നിത്യസാന്നിദ്ധ്യമായ ഡോ. വാരിഷയെയാണ് അസ്ലൻ ഷാ വിവാഹം ചെയ്തത്.
കഴുതക്കുട്ടിയെ വധുവിന് ജീവനാണെന്നാണ് ഈ അപൂർവ സമ്മാനത്തിന് കാരണമായി ഷാ പറയുന്നത്. കഴുതക്കുട്ടിയെ സമ്മാനമായി നൽകുന്ന വീഡിയോ ഷായുടെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമ്മാനത്തിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും കഠിനാദ്ധ്വാനികളും സ്‌നേഹവുമുള്ള മൃഗമാണ് കഴുതയെന്നാണ് ഷാ വീഡിയോയിൽ അഭിപ്രായപ്പെടുന്നത്. അതേസമയം കഴുതയെ സമ്മാനമായി ലഭിച്ചതിലുള്ള സന്തോഷം നവവധുവും പങ്കുവച്ചിട്ടുണ്ട്. നിന്നെ വെറുമൊരു കഴുതയായി തുടരാൻ ഞാൻ അനുവദിക്കില്ലെന്ന് വാരിഷ പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ ഈ സംഭവത്തിന്റെ വീഡിയോയിൽ നിരവധിപേർ നവദമ്പതികളെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
വീഡിയോ 2.81 ലക്ഷം വ്യൂസ് നേടി മുന്നേറുകയാണ് ഇപ്പോൾ.