
ബറേലി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ മോഷ്ടാവെന്നാരോപിച്ച് 32കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചഹ്ലാർ ഗ്രാമത്തിലാണ് സംഭവം. രാത്രിയിൽ സാരി ധരിച്ച് കർഷകന്റെ വീട്ടിലെത്തിയ ബൽറാമിനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. കർഷകന്റെ വീട്ടിൽ നിന്നും സോളാർ പാനൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. മിർസാപൂർ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട ബൽറാം.
ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗ്രാമീണർക്കെതിരെ കേസെടുത്തു. മരണപ്പെട്ടയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് അന്വേഷണത്തിൽ പൊലീസിന് ബോദ്ധ്യമായി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബൽറാമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ ബൽറാം സോളാർ പാനൽ മോഷ്ടിക്കുന്നതായി വീട്ടുടമയാണ് അയൽവാസികളെ വിവരമറിയിച്ചതെന്ന് ഗ്രാമവാസികൾ പൊലീസിനോട് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ സാരിധരിച്ച ബൽറാമിന് സ്ഥലത്ത് നിന്ന് ഓടാൻ കഴിഞ്ഞില്ല. ഇയാൾ നിലത്ത് വീണത് കണ്ട് രോഷാകുലരായ ഗ്രാമവാസികൾ ബൽറാമിനെ ആക്രമിക്കുകയും മർദിക്കുകയുമായിരുന്നു.