
സിംഗപ്പൂർ സിറ്റി: മുൻ കാമുകിയുടെ പ്രതിശ്രുത വരന്റെ വീടിന് മുന്നിൽ തീയിട്ട ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ആറുമാസം തടവുശിക്ഷ. സുരേന്ദിരൻ സുകുമാരൻ (30) ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ഒക്ടോബറിൽ കുറ്റം സമ്മതിച്ചിരുന്നു.
തന്റെ മുൻകാമുകി വിവാഹിതയാകുന്നതിന്റെ ദേഷ്യവും അസൂയയും കൊണ്ടാണ് വിവാഹത്തിന് മുന്നോടിയായി ഈ കടുംകൈ ചെയ്തതെന്നായിരുന്നു ഇയാളുടെ മൊഴി. കഴിഞ്ഞ മാർച്ച് പതിനൊന്നിന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ മുൻ കാമുകി പിറ്റേദിവസം വിവാഹിതയാകുകയാണെന്ന് ഇയാൾ മനസിലാക്കിയത്. തുടർന്ന് വിവാഹചടങ്ങിൽ തടസം ഉണ്ടാക്കുന്നതിനായി തീയിടാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് സിസിടിവി വഴി തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചെത്തിയ സുരേന്ദിരൻ ലിഫ്റ്റ് വഴി പ്രതിശ്രുത വരന്റെ 13ാം നിലയിലെ ബ്ളോക്കിന് മുന്നിലെത്തി തീയിട്ടു. ഫ്ളാറ്റിന് മുന്നിലെ ഗേറ്റ് പൂട്ടിയതിന് ശേഷമായിരുന്നു തീയിട്ടത്. രാവിലെ എട്ടരയോടെ ഗേറ്റ് തുറക്കാൻ ശ്രമിച്ച പ്രതിശ്രുത വരൻ അതിന് സാധിക്കാതെ വന്നതോടെയാണ് വീടിന് മുന്നിൽ ഷൂസുകളും മറ്റും കത്തിയനിലയിൽ കാണുന്നത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സുരേന്ദിരന്റെ പ്രവൃത്തി അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുടെ സുരക്ഷയെ ബാധിക്കുമായിരുന്നു എന്ന കാര്യം കണക്കിലെടുത്താണ് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് സിംഗപൂരിൽ ഏഴുവർഷം വരെയാണ് തടവുലഭിക്കുന്നത്.