
ഷെഫീക്കിന്റെ സന്തോഷങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണവും അതിന് ഉണ്ണിമുകുന്ദൻ അടക്കമുള്ളവരുടെ പ്രതികരണങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുന്ന ബാലയുടെ പഴയൊരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ.
'ഞാനൊരു പടം നിർമിച്ചപ്പോൾ കഥാപാത്രത്തെക്കുറിച്ച് പോലും ഒരു വാക്ക് ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ ഒരു ചിത്രം നിർമിക്കുമ്പോൾ അഭിനയിക്കുമെന്ന് ഉണ്ണിയോട് ഞാൻ പറഞ്ഞിരുന്നു. ഉണ്ണി വിളിച്ചപ്പോൾ ഇത് നിനക്കുവേണ്ടി ഞാൻ ചെയ്യുമെന്ന് പറഞ്ഞു. ഉണ്ണിയൊരു നായകനായിട്ടോ, നടനായിട്ടോ കണ്ടിട്ടല്ല അങ്ങനെ പറഞ്ഞത്. ഒരു നല്ല മനസ് അവനുള്ളതുകൊണ്ടാണ്.
ഉണ്ണി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വന്നപ്പോഴുണ്ടായ അനുഭവവും ഞാൻ ഓർക്കുന്നു. എന്റെ കയ്യിൽ പിടിച്ച്, ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം.ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ'വെന്നൊക്കെ ഉണ്ണി പറഞ്ഞിരുന്നു.‘ -എന്നാണ് ബാല വീഡിയോയിൽ പറയുന്നത്. ബാലയ്‌ക്ക് എല്ലാ ആശംസകളുമെന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.