condoms-to-be-free

പാരീസ് : രാജ്യത്തെ പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അടുത്ത വർഷം മുതൽ സൗജന്യമായി കോണ്ടം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുവാക്കൾക്കിടയിൽ ലൈംഗിക രോഗങ്ങൾ, അനാവശ്യ ഗർഭധാരണം എന്നിവ തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് യുവാക്കളുമായുള്ള സംവാദത്തിനിടെ മാക്രോൺ പറഞ്ഞു. ഫാർമസികളിൽ നിന്നും സൗജന്യമായി കോണ്ടം ലഭിക്കുന്ന പദ്ധതി അടുത്ത വർഷം മുതലാണ് ആരംഭിക്കുക.

യുവാക്കളുടെ വരുമാനം കണക്കിലെടുക്കാതെ സൗജന്യമായി അനാവശ്യ ഗർഭധാരണം തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 39മത്തെ വയസിൽ ഫ്രാൻസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോൾ എച്ച് ഐ വിയും മറ്റ് ലൈംഗിക അസുഖങ്ങളും തടയുന്നതിനുള്ള പ്രവർത്തനം നടത്തുമെന്ന് മാക്രോൺ വാഗ്ദാനം നൽകിയിരുന്നു. നിലവിൽ ഫ്രാൻസിലെ സ്റ്റേറ്റ് ഹെൽത്ത് കെയർ സിസ്റ്റം കുറഞ്ഞ വരുമാനമുള്ള ജനന നിയന്ത്രണ മാർഗങ്ങളിലെ ചില പദ്ധതികൾ നടത്തിവരുന്നുണ്ട്. എന്നാൽ രോഗികൾക്ക് ഡോക്ടറുമായുള്ള അപ്പോയിന്റ്‌മെന്റുകൾക്കായി നീണ്ട കാത്തിരിപ്പ് ഇവിടെ ആവശ്യമാണ്. അതേസമയം ഗർഭച്ഛിദ്രം ഫ്രാൻസിൽ സൗജന്യ സേവനമാണ്.