night-road-

ബംഗളൂരു : അർദ്ധരാത്രിയിൽ ബംഗളൂരുവിലെ റോഡിലൂടെ നടന്നതിന് ദമ്പതികളിൽ നിന്നും പൊലീസ് പെറ്റിയായി പണം വാങ്ങിയത് വിവാദമായി. പിഴയായി പണം കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥൻ വ്യാജ യൂണിഫോമിൽ വന്ന തട്ടിപ്പുകാരനാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് കാർത്തിക് പത്രിയെയും ഭാര്യയെയും തടഞ്ഞുനിർത്തി രാത്രി റോഡിലൂടെ നടന്നതിന് ആയിരം രൂപ പിഴയിട്ടത്.


മാന്യത ടെക് പാർക്കിന് സമീപമുള്ള സൊസൈറ്റിയിലെ താമസക്കാരായ ദമ്പതികളോട് പിഴയായി 3000 രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ദമ്പതികളുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പിങ്ക് നിറത്തിലുള്ള ഹൊയ്സാല പട്രോൾ വാനിലാണ് ഉദ്യോഗസ്ഥർ എത്തിയത്. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് രാത്രി 11 മണിക്ക് ശേഷം റോഡിലൂടെ നടക്കാൻ പാടില്ലെന്നും പിഴയടച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ ദമ്പതികളോട് പറഞ്ഞു.

പൊലീസ് യൂണിഫോമിൽ എത്തിയ രണ്ട് പേർ പെറ്റിയടിച്ച സംഭവത്തെ കുറിച്ച് കാർത്തിക് ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പങ്കുവച്ചത്. സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ അത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പരിസരവാസികളോട് ഡിസിപി ആവശ്യപ്പെട്ടു.