
തിരുവനന്തപുരം: വീട്ടുകാരെ പറ്റിച്ച് മന്ത്രവാദിനി അൻപത്തിയഞ്ച് പവനും ഒന്നര ലക്ഷം രൂപയും തട്ടിയെന്ന പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. വെള്ളായണി തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ കുടുംബമാണ് കളിയിക്കാവിള ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന തെറ്റിയോട് ദേവി എന്ന് വിളിപ്പേരുള്ള വിദ്യയുടെ തട്ടിപ്പിനിരയായത്.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ സ്വർണം മോഷ്ടിച്ചിട്ടില്ലെന്നും ആൾ ദൈവമല്ലെന്നും പ്രതികരിച്ചിരിക്കുകയാണ് കുറ്റാരോപിതയായ വിദ്യയിപ്പോൾ. ക്ഷേത്രത്തിലെ കടബാദ്ധ്യത തീർക്കാനായി പരാതിക്കാർ സ്വർണം നൽകിയെന്നാണ് യുവതിയുടെ അവകാശവാദം. പകുതി സ്വർണം തിരികെ കൊടുത്തിട്ടുണ്ടെന്നും ബാക്കി ഇരുപത്തിയൊന്നാം തീയതി നൽകുമെന്നും യുവതി പറഞ്ഞു.
'സ്വർണം മോഷ്ടിച്ചിട്ടില്ല. പൈസ ഒരു രൂപ പോലും അവരുടെ കൈയിൽ നിന്ന് വാങ്ങിച്ചിട്ടുമില്ല. വിശ്വംഭരന്റെ മകൾ വിനീതുവും കുടുംബവും ഇവിടെ വന്ന്. എന്റെ സ്വർണം ലോക്കറിലുണ്ടെന്നും, വിദ്യ ആരോടും പൈസ ചോദിക്കണ്ട, പണയം വച്ച് മൂകാംബിക കടം തീർക്ക് എന്നും പറഞ്ഞാണ് തന്നത്. ആൾദൈവമല്ല, നാല് വർഷം തോറും ഇവിടെ ദേവിക്ക് പത്ത് ദിവസത്തെ ഉത്സവം നടക്കുകയാണ്. ക്ഷേത്രത്തിൽ നിന്ന് ദേവി പിണങ്ങി ഇവിടെ വന്നിരിക്കുകയാണെന്നറിയാം. ഇതൊക്കെ ദേവപ്രശ്നം വച്ചപ്പോൾ തെളിഞ്ഞിട്ടുള്ള കാര്യങ്ങളാണ്.' വിദ്യ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
2020ൽ വിശ്വംഭരന്റെ മകനുൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടിരുന്നു. ശാപമാണെന്നും മാറ്റാൻ ആളുണ്ടെന്നും പറഞ്ഞ് പരിചയക്കാരനായ നെയ്യാറ്റിൻകര സ്വദേശി അഭിഭാഷകനാണ് വിശ്വംഭരനെയും വിനീതുവിനെയും 2021 ജനുവരിയിൽ വിദ്യയുടെ അടുത്തെത്തിക്കുന്നത്. വിദ്യയും നാലംഗസംഘവും 2021 ജനുവരിയിൽ പൂജയ്ക്കായി വെള്ളായണിയിലെ വീട്ടിലെത്തി.വീണ്ടും ദുർമരണം ഉണ്ടാകുമെന്നു പറഞ്ഞ് വിദ്യ കുടുംബത്തെ ഭയപ്പെടുത്തി. മകന്റെ അകാലമരണത്തിന്റെ വിഷമത്തിൽ കഴിഞ്ഞിരുന്ന വിശ്വംഭരനും കുടുംബവും ഇത് വിശ്വസിച്ചു. തുടർന്ന് വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി. രാത്രിയിലായിരുന്നു പൂജകൾ.
ദേവി പ്രീതിപ്പെടണമെങ്കിൽ സ്വർണവും പണവും പൂജാമുറിയിലെ അലമാരിയിൽ വച്ച് പൂജിക്കണമെന്ന് വിദ്യ പറഞ്ഞതോടെയാണ് 55 പവനും ഒന്നര ലക്ഷം രൂപയുമേൽപ്പിച്ചത്. ഇവ അലമാരയിൽ വച്ച് പൂട്ടി. പതിനഞ്ച് ദിവസം അലമാര തുറക്കാൻ പാടില്ലെന്നും ആൾദൈവം അറിയിച്ചു. ദേവിയും ഇരുതല സർപ്പവും അദൃശ്യമായി മുറിയിലുണ്ടെന്നു പറഞ്ഞ് പേടിപ്പിച്ചതിനാൽ വീട്ടുകാർ അവിടെ കയറാൻ ധൈര്യപ്പെട്ടില്ല. ഇടയ്ക്ക് രണ്ടു നാൾ സംഘം വന്ന് പൂജകൾ നടത്തി. എന്നാൽ, സംഘം പറഞ്ഞ പതിനഞ്ച് ദിവസം കഴിഞ്ഞതോടെ വരാതായി. അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായി. പിന്നീടത് ഒരു വർഷമായി. ഒടുവിൽ സംശയം തോന്നി നാല് മാസം മുൻപ് വീട്ടുകാർ അലമാര തുറന്നപ്പോഴാണ് സ്വർണവും പണവും തട്ടിയെടുത്തത് അറിയുന്നതെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യയുടെ വീട്ടിൽ തിരക്കിയെത്തിയപ്പോൾ കേസ് കൊടുത്താൽ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു.