oil-importing-

തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്തത് റഷ്യയിൽ നിന്നുള്ള കമ്പനികൾ. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടിലാണ് ഇത് വ്യക്തമായത്. ദീർഘനാളായി ഇന്ത്യ എണ്ണയ്ക്കായി ആശ്രയിക്കുന്ന ഇറാഖിനെയും സൗദി അറേബ്യയെയും മറികടന്നാണ് രണ്ടാം മാസവും റഷ്യ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയത്.

റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനികൾക്ക് അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ഉപരോധം നേരിടേണ്ടി വന്നതിനെ തുടർന്നാണ് ഇന്ത്യയ്ക്ക് റഷ്യ വിലകുറച്ച് എണ്ണ നൽകിത്തുടങ്ങിയത്. അതേസമയം ആഗോള തലത്തിൽ എണ്ണ വില വർദ്ധിച്ച സമയത്ത് റഷ്യയിൽ നിന്നും ലഭിച്ച മികച്ച ഓഫർ ഇന്ത്യ മുതലെടുക്കുകയായിരുന്നു. 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് കേവലം 0.2 ശതമാനം മാത്രമായിരുന്നെങ്കിൽ നവംബറിൽ ഇന്ത്യയ്ക്ക് 9,09,403 ബാരൽ ക്രൂഡ് ഓയിൽ വിതരണം ഈ രാജ്യത്ത് നിന്നുമുണ്ടായി. ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ അഞ്ചിലൊന്നും റഷ്യയിൽ നിന്നുമാണ് വാങ്ങുന്നത്.

വോർടെക്സയുടെ കണക്കനുസരിച്ച് നവംബറിൽ ഇന്ത്യ ഇറാഖിൽ നിന്ന് പ്രതിദിനം 8,61,461 ബാരൽ എണ്ണയും സൗദി അറേബ്യയിൽ നിന്ന് പ്രതിദിനം 5,70,922 എണ്ണയും ഇറക്കുമതി ചെയ്തു. 4,05,525 ബാരലുമായി അമേരിക്ക ഇന്ത്യയുടെ നാലാമത്തെ വിതരണക്കാരായി ഇക്കാലയളവിൽ മാറി. അതേസമയം നവംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ വാങ്ങിയ അളവിനേക്കാൾ കുറവാണ്.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ റഷ്യയുമായുള്ള വ്യാപാരത്തെ ഇന്ത്യൻ ഗവൺമെന്റ് ശക്തമായി പ്രതിരോധിക്കുകയായിരുന്നു. എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് സർക്കാർ സൂചിപ്പിച്ചു. മികച്ച ഇടപാടുകൾ തുടരുമെന്ന സന്ദേശമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഡിസംബർ ഏഴിന് രാജ്യസഭയിൽ നൽകിയത്.

'ഞങ്ങൾ ഒരു രാജ്യത്ത് നിന്ന് മാത്രമല്ല എണ്ണ വാങ്ങുക, ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് എണ്ണ വാങ്ങുകയാണെന്ന് ദയവായി മനസിലാക്കുക, എന്നാൽ ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങൾക്കായി ഞങ്ങൾക്ക് ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിടത്തേക്ക് പോകുന്നത് വിവേകപൂർണ്ണമായ നയമാണ്, അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്,' എസ് ജയശങ്കർ പറഞ്ഞു.