
ന്യൂഡൽഹി : ജോലിചെയ്യുന്ന കമ്പനിയുടെ എച്ച്ആർ മേധാവിയെ ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ ആവശ്യപ്പെട്ടതിന് 18 കാരൻ അറസ്റ്റിൽ. ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ എച്ച് ആർ മേധാവിയെയാണ് അതേ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഭീഷണിപ്പെടുത്തിയത്. ഡിസംബർ 4 നാണ് ഫോൺ ചെയ്തത്. അടുത്തിടെ കണ്ട ഒരു വെബ്സീരിസിൽ നിന്നുമുള്ള ആശയമാണ് പ്രാവർത്തികമാക്കാൻ ജീവനക്കാരൻ ശ്രമിച്ചത്.
എച്ച്ആറിനെ കൊല്ലാൻ 26 ലക്ഷം രൂപയുടെ കരാർ ലഭിച്ചതായിട്ടാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. കൊല്ലപ്പെടാതിരിക്കാൻ 12 ലക്ഷം രൂപയാണ് പ്രതി ആവശ്യപ്പെട്ടത്. പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അതേ കമ്പനിയിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ സഹോദനും ഇവിടെയാണ് ജോലി ചെയ്യുന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഒരു വെബ് സീരീസിൽ നിന്നാണ് തനിക്ക് പണം തട്ടിയെടുക്കാനുള്ള ആശയം ലഭിച്ചതെന്ന് യുവാവ് വെളിപ്പെടുത്തിയത്. അമ്മ കാൻസർ രോഗിയാണെന്നും കുടുംബത്തിന് ഏഴ് ലക്ഷം രൂപ കടമുണ്ടെന്നും പ്രതി പറഞ്ഞു. ഓഫീസിലെ ലോക്കറിൽ നിന്ന് മോഷ്ടിച്ച ഫോൺ വഴിയാണ് പ്രതി എച്ച് ആറിനെ വിളിച്ചത്.