ola-scooter

ഏറെ അവകാശവാദങ്ങൾ നിരത്തി വിപണിയിലേക്ക് പ്രവേശിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല. എന്നാൽ തുടക്കത്തിലെ ചില ബാലാരിഷ്ടതകൾ കമ്പനിക്ക് തിരിച്ചടിയായി. എന്നാൽ ഇതിലൊന്നും തളരാതെ മുന്നേറിയ കമ്പനി ഇപ്പോൾ വളർച്ചയുടെ പാതയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടർ എന്ന ബഹുമതി സ്വന്തമാക്കിയ ഒല തങ്ങളുടെ ഭാവി പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Projection - The Ola S1 (including all variants) will become the best selling scooter in India by August 2023, higher than the best selling ICE scooter!

— Bhavish Aggarwal (@bhash) December 9, 2022

ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാറുകളും പുറത്തിറക്കാനുള്ള പദ്ധതി ഒലയ്ക്കുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാർ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ ഇതിന് മുൻപേ രാജ്യത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ടയെ വെട്ടാൻ തങ്ങളുടെ ഇലക്ട്രിക് പതിപ്പിനാവുമെന്ന പ്രതീക്ഷയാണ് ഒല സി ഇ ഒ ഭവിഷ് അഗർവാൾ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒലയ്ക്ക് ഇപ്പോഴുള്ള മികച്ച ട്രാക്ക് റെക്കോർഡ് ഉപയോഗിച്ച് അടുത്ത വർഷം ഓഗസ്‌റ്റോടെ ഹോണ്ടയെ മറികടക്കുമെന്നാണ് ഭവിഷ് അഗർവാൾ അവകാശപ്പെടുന്നത്. ഇതോടെ പെട്രോൾ സ്‌കൂട്ടറുകളുമായി ഇപ്പോഴും വിപണിയിലെ മേധാവിത്വം തുടരുന്ന ഹോണ്ടയെ പിന്തള്ളാൻ ഒലയ്ക്കാവുമോ എന്ന ചർച്ചയും ആരംഭിച്ചിട്ടുണ്ട്.

ഡിമാന്റ് കൂടിയതോടെ ഒല അതിന്റെ ഉൽപ്പാദന ശേഷി അടുത്തിടെ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സെപ്തംബറിൽ 2.45 ലക്ഷം യൂണിറ്റുകൾ വിറ്റ ഹോണ്ട ആക്ടീവയെ പിന്തള്ളാൻ ഒല നന്നായി പരിശ്രമിക്കേണ്ടി വരും എന്നതാണ് വസ്തുത. അടുത്ത വർഷത്തോടെ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് ഹോണ്ട കടന്നുവരും. ഇതോടെ ഹോണ്ടയുടെ പെട്രോൾ സ്‌കൂട്ടറുകളുടെ വിൽപ്പന കുറയും. ഇത് പകുതിയായെങ്കിലും കുറയുമെന്നാണ് കരുതുന്നത്. ഈ വിടവിലൂടെ ഒന്നാമനാവാനാണ് ഒലയുടെ നീക്കം. എന്നാൽ ഇതിനായി ഒല നന്നായി വിയർക്കേണ്ടി വരും.