modi

#നാഗ്പൂർ മുതൽ ഷിർദ്ദി വരെ 520 കിലോമീറ്റർ പാത

നാഗ്പൂർ : മുംബയ് - നാഗ്പൂർ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്സ‌്പ്രസ് ഹൈവേയുടെ ( സമൃദ്ധി മഹാമാർഗ് )​ ഒന്നാം ഘട്ടമായ നാഗ്പൂർ - ഷിർദ്ദി അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു. നാഗ്പൂർ മുതൽ അഹമ്മദ് നഗർ ജില്ലയിലെ ക്ഷേത്രനഗരിയായ ഷിർദ്ദി വരെ 520 കിലോമീറ്റർ പാതയാണിത്.

ശിവസേന സ്ഥാപകനും മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാലാസാഹബ് താക്കറെയുടെ പേരാണ് മുംബയ് - നാഗ്പൂർ പാതയ്‌ക്ക് . മൊത്തം പേര് 'ഹിന്ദു ഹൃദയ സമ്രാട്ട് ബാലാ സാഹബ് താക്കറെ മഹാരാഷ്‌ട്ര സമൃദ്ധി മഹാമാർഗ്'.

നാഗ്പൂരിൽ നിന്നുള്ള ആറാമത്തെ വന്ദേഭാരത് ട്രെയിനും, നാഗ്പൂർ മെട്രോ റെയിലിന്റെ ഒന്നാം ഘട്ടവും നാഗ്പൂ‌ർ എയിംസും മോദി ഉൽഘാടനം ചെയ്‌തു. മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. രണ്ട് മെട്രോ ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് മെട്രോ ട്രെയിനിൽ വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം യാത്ര ചെയ്‌തു. നാഗ്പൂരിലെ വൻ വികസന പദ്ധതികളുടെ ഭാഗമായ ഇവ ഉൾപ്പെടെ 75,​000 കോടിയുടെ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്.

പിന്നീട് ഗോവയിലേക്ക് പോയ പ്രധാനമന്ത്രി, അവിടെ ലോക ആയുർവേദ കോൺഗ്രസിനെ അഭിസംബോധന ചെയ്‌തു. ഗോവയിലെ ധർഗലിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഉൽഘാടനം ചെയ്‌തു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ മാനസ പദ്ധതിയാണ് സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേ. അതും എയിംസും വിദർഭ മേഖലയുടെ വികസനത്തിൽ നാഴികക്കല്ലുകളാവും. ബി. ജെ. പിയുടെ ആധിപത്യം ഉറപ്പിക്കാനും സഹായിക്കും. നാഗ്പൂർ ആർ. എസ്. എസ് ആസ്ഥാനവുമാണ്. സമൃദ്ധി ഹൈവേയ്‌ക്ക് ബാൽ താക്കറെയുടെ പേര് നൽകിയതിൽ ദീർഘകാല രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. ഉദ്ധവ് താക്കറെയും ശിവസേനയെ പിളർത്തി ബി. ജെ.പി പിന്തുണയോടെ സർക്കാരുണ്ടാക്കിയ ഏക്‌നാഥ് ഷിൻഡെയും തമ്മിൽ പോര് തുടരുമ്പോൾ ശിവസേനയെ കൈയിലെടുക്കണം. മുംബയ് മുനിസിപ്പൽ തിരഞ്ഞെടുപ്പും ആസന്നം.

സമൃദ്ധി

മഹാമാർഗ്

മുംബയ് - നാഗ്പൂർ ആറുവരിപ്പാത
മൊത്തം നീളം 701 കിലോമീറ്റർ

മുംബയ് - നാഗ്പൂർ 8 മണിക്കൂർ,നിലവിൽ 16 മണിക്കൂർ

24 ജില്ലകളെ ബന്ധിപ്പിക്കും

2023 ജൂലായിൽ പൂർത്തിയാവും

ആദ്യ ഘട്ടം നാഗ്പൂർ - ഷിർദ്ദി 520 കി. മീറ്റർ

യാത്രാസമയം അഞ്ച് മണിക്കൂർ

മൊത്തം ചെലവ് 55,335.32 കോടി

ഏറ്റെടുത്ത ഭൂമി 88,61.02 ഹെക്‌ടർ

 ഫ്ലൈ ഓവറുകൾ 73, തീർന്നത് 52

വലിയ പാലങ്ങൾ 32, തീർന്നത് 31

റെയിൽ ഓവർബ്രിഡ്‌ജുകൾ 8

ചെറിയ പാലങ്ങൾ 317, തീർന്നത് 308