iran

ടെഹ്‌റാൻ : ഭരണകൂടത്തെ പരസ്യമായി വിമർശിക്കുകയും രാജ്യവ്യാപകമായി അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സഹോദരീപുത്രി ഫരീദേ മൊറദ്‌ഖാനിക്ക് 3 വർഷം തടവ് ശിക്ഷ. കഴിഞ്ഞ മാസം 23ന് ഫരീദേയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുതൽ പൊലീസ് കസ്റ്റഡിയിലാണ് ഫരീദേ.

ആക്ടിവിസ്റ്റ് കൂടിയായ ഫരീദേ ഖമനേയിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിന് മുമ്പും ഭരണകൂട വിരുദ്ധ നിലപാടുകളുടെ പേരിൽ ഫരീദേയെ ജയിലിലടച്ചിട്ടുണ്ട്.

ജയിൽ ശിക്ഷ ലഭിച്ച കാര്യം ഫരീദേയുടെ അഭിഭാഷകൻ മുഹമ്മദ് ഹൊസൈൻ അഖാസിയാണ് പുറത്തുവിട്ടത്. രാജ്യത്തിന്റെ ജുഡിഷ്യറിയിൽ നിന്ന് സ്വതന്ത്രമായതും പരമോന്നത നേതാവിനോട് മാത്രം ഉത്തരം പറയേണ്ടതുമായ ഒരു പുരോഹിത കോടതിയിലാണ് ഫരീദേയുടെ വിചാരണ നടന്നതെന്ന് അഭിഭാഷകൻ പറയുന്നു. വിചാരണയ്ക്ക് തന്നെ പ്രവേശിപ്പിച്ചില്ലെന്നും ഫരീദേയ്ക്ക് ആദ്യം 15 വർഷത്തെ ജയിൽശിക്ഷയാണ് വിധിച്ചതെങ്കിലും അപ്പീലിലൂടെ മൂന്ന് വർഷമായി കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഫരീദേയുടെ മാതാവും ഖമനേയിയുടെ സഹോദരിയുമായ ബദ്രി ഹൊസൈനി ഖമനേയിയും ഭരണകൂടത്തെ വിമർശിക്കുകയും പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഖമനേയിയുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്നും ഖമനേയി പദവി ഒഴിയണമെന്നും ബദ്രി ആവശ്യപ്പെട്ടിരുന്നു.