
തീർത്ഥാടകരെ സ്വീകരിക്കാൻ ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ 15 മുതൽ ഗുരുദേവ കൃതികളെയും തീർത്ഥാടന ലക്ഷ്യങ്ങളെയും ആസ്പദമാക്കി സന്ന്യാസിവര്യന്മാരുടേയും ആചാര്യന്മാരുടേയും പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ദിവസവും പ്രഭാതത്തിൽ ഗുരുദേവൻ വിശ്രമിച്ചിരുന്ന പർണശാലയിൽവച്ച് ശാന്തിഹോമ മഹായജ്ഞവും ശാരദാമഠത്തിലും മഹാ സമാധിയിലും വിശേഷാൽ ഗുരുപൂജയും ശാശ്വത മഹാഗുരുപൂജയും നടത്തപ്പെടുന്നു.
കഴിഞ്ഞൊരു ദിവസം ശിവഗിരി തീർത്ഥാടനം സംബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ എനിയ്ക്ക് അവസരമുണ്ടായി. അതിൽ അദ്ധ്യക്ഷത വഹിച്ചത് ഒരു ശാഖായോഗം പ്രസിഡന്റാണ്. അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചത് ഇങ്ങനെയാണ് - "ശ്രീനാരായണ ഗുരുദേവൻ തീർത്ഥാടന ലക്ഷ്യങ്ങളായി ഉപദേശിച്ച എട്ട് കാര്യങ്ങളിൽ നാം വേണ്ടവിധം വളർച്ച സമ്പാദിച്ചിട്ടുണ്ട്. ഇനി പുതിയ പരിപാടികളാണ് ആവശ്യം - " വാസ്തവത്തിൽ അത് ശരിയല്ലേ? ഒരുകാലത്ത് നമുക്ക് വിദ്യാഭ്യാസം കുറവായിരുന്നു. ശുചിത്വം വേണ്ടവണ്ണം ഉണ്ടായിരുന്നില്ല. ഈശ്വരഭക്തിയും കൃഷിയും കൈത്തൊഴിലും ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ ഇന്ന് നമുക്ക് വളരെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ട്. സാങ്കേതിക ശാസ്ത്രവിദ്യയും വ്യാപകമായതുകൊണ്ട് ഇനിയൊരു നവീനപദ്ധതി ഉൾപ്പെടുത്തിവേണം ശിവഗിരി തീർത്ഥാടന പ്രസ്ഥാനവുമായി മുന്നോട്ടുപോകേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്തായാലും തീർത്ഥാടന ലക്ഷ്യങ്ങളായിരിക്കുന്ന എട്ട് കാര്യങ്ങൾ ഗുരുദേവൻ നാഗമ്പടത്തെ മാവിൻ ചുവട്ടിൽവച്ച് ഉപദേശിക്കുമ്പോൾ നാം ഒന്ന് മനസിലാക്കണം. അത് ശ്രീനാരായണ സമൂഹത്തിന് വേണ്ടി, ലോകത്തിനുവേണ്ടി ഗുരുദേവൻ നൽകിയ അന്ത്യസന്ദേശമാണ്. അതുകഴിഞ്ഞ് അവിടുന്ന് കോട്ടയത്തു നിന്നും വൈക്കത്തേക്ക് എഴുന്നള്ളുകയും പിന്നീട് ശിവഗിരിയിൽപോയി വിശ്രമിച്ച് മഹാസമാധി പ്രാപിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് നൽകിയ അവസാന സന്ദേശമാണിത്. സായാഹ്നഗീതോപദേശമെന്നാണ് ഞാനതിന് പേര് നൽകിയിട്ടുള്ളത്. ഭാഗവതം എടുത്തു പഠിക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതസായാഹ്നത്തിൽ പരിനിർവാണത്തിന് മുമ്പ് നൽകുന്ന ഉപദേശമുണ്ട്. കൃഷ്ണന്റെ ഭഗവത്ഗീത നമുക്കറിയാം. അതുപോലെ ശ്രീനാരായണ ഗുരുദേവൻ നൽകിയ അന്ത്യസന്ദേശമാണ് തീർത്ഥാടനസന്ദേശവും ശിവഗിരി തീർത്ഥാടനവും.
ഏതിനും ഒരു ലക്ഷ്യം വേണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗുരുദേവൻ എട്ടുകാര്യങ്ങൾ ഉപദേശിക്കുന്നത്. ഈ എട്ടുകാര്യങ്ങളിൽ വാസ്തവത്തിൽ ഒരു സമൂഹത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ സമർപ്പിതമായ വളർച്ചയ്ക്ക് ആവശ്യമായതെല്ലാം അടങ്ങിയിട്ടുണ്ട്. ശ്രീനാരായണ ദർശനത്തിന്റെ അന്തർധാര ആത്മീയ ഭൗതിക ദർശനങ്ങളുടെ സമന്വയമാണ്. ഒരു രാജ്യത്തിന്റെ തന്നെ സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ, ഈ എട്ടുകാര്യങ്ങളിൽ ഗുരുദേവൻ ഉൾപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് നമുക്കിവിടെ ശ്രീനാരായണ ഗുരുദേവനെ സമുന്നതനായ രാഷ്ട്രമീമാംസകനായി കാണാൻ സാധിക്കും.
ജീവിതത്തെ സമ്യക്കായി സമഗ്രമായി സാക്ഷാത്കരിക്കാൻ വികസിതമാക്കാൻ ഈ എട്ടുകാര്യങ്ങളെക്കുറിച്ച് പ്രസംഗിക്കണം. അത് ചിട്ടയോടുകൂടി ജീവിതത്തിൽ പകർത്തണം. അപ്പോഴാണ് വ്യക്തിയ്ക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും പ്രയോജനമുണ്ടാകൂ. അതാണ് തീർത്ഥാടനത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസത്തെക്കുറിച്ച് ഗുരുദേവൻ നമുക്ക് നൽകിയ സൂക്തം വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ എന്നാണ്. അത് ചില ആളുകൾ വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്നാണ് ഗുരുദേവൻ പറഞ്ഞതെന്ന് എഴുതി കാണുന്നു. അങ്ങനെയല്ല. സ്വാതന്ത്ര്യം എന്ന് പറഞ്ഞാലെന്താണ് ? പാരതന്ത്ര്യം എന്നു പറഞ്ഞാൽ മറ്റുള്ളവരാൽ ഭരിക്കപ്പെടുന്നത് എന്നാണർത്ഥം. ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചപ്പോൾ നാം പാരതന്ത്ര്യത്തിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യം തന്നെത്തന്നെ നിയന്ത്രിക്കുന്നതാണ്. അവനവൻ അവനവനെത്തന്നെ നിയന്ത്രിക്കുന്നതാണ് സ്വാതന്ത്ര്യം. തന്റെ മനസിനെയും ഇന്ദ്രിയങ്ങളെയും സ്വയം നിയന്ത്രിച്ച് ആത്മാനുഭൂതിയിൽ ജീവിക്കുന്നതാണ് വാസ്തവത്തിൽ പരമമായ സ്വാതന്ത്ര്യപ്രാപ്തി, വിദ്യാഭ്യാസത്തിന്റെ പരമമായ പരിണാമ ഗുപ്തി. സ്വാതന്ത്ര്യമെന്ന് പറയുന്നത് യഥാർത്ഥമായ ഈശ്വരാനുഭൂതിയാണ്. ഈശ്വരസാക്ഷാത്കാരമാണ്.
വിദ്യയെ ഗുരുദേവൻ രണ്ടായി തിരിക്കുന്നുണ്ട്. ആത്മോപദേശ ശതകത്തിൽ സമയെന്നും വിഷമയെന്നും. എല്ലാറ്റിനേയും ഏകമായി അറിയുന്നത് സമ. അപ്പോൾ നാനാത്വത്തോടു കൂടിയ അറിവ് വിഷമയും. ആത്മോപദേശശതകത്തിൽ 35 മുതൽ 44 വരെയുള്ള ശ്ലോകങ്ങളെ ആസ്പദമാക്കിയ ഗുരുദേവന്റെ ഈ വിദ്യാഭ്യാസ പ്രക്രിയയിൽ , സോർബോൺ യൂണിവേഴ്സിറ്റിയിൽ തിസീസ് സമർപ്പിച്ചാണ് നടരാജഗുരു ഡോ. നടരാജൻ ആയത്. പിന്നീട് അദ്ദേഹം നടരാജഗുരുവായി മാറി.
കൃഷിയിലും കച്ചവടത്തിലും കൈത്തൊഴിലിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണ്. പക്ഷേ നാരായണഗുരു ഈ പതിനഞ്ച് ശ്ലോകങ്ങളിലായി എഴുതിവച്ചിരിക്കുന്ന അറിവ് എന്ന കൃതിയ്ക്ക് തത്തുല്യമായി മറ്റൊന്ന് ലോകത്ത് ഇതുവരേയും താൻ കണ്ടിട്ടില്ലെന്ന് നടരാജഗുരു രേഖപ്പെടുത്തുന്നു. ആ 15 ശ്ലോകങ്ങളെക്കുറിച്ച് ശരിയായ പഠനം ശ്രീനാരായണ സമൂഹത്തിന് കൈവന്നിട്ടുണ്ടോ ? അപ്പോൾ ഗുരുദേവൻ പറഞ്ഞ വിദ്യാഭ്യാസം, ആ വിദ്യാഭ്യാസത്തിന്റെ പരിണാമഗുപ്തി പരമപ്രയോജനത്തിലെത്താൻ മലയാളിയ്ക്ക് സാധിച്ചിട്ടില്ല. വിദ്യയുടെ പരമപ്രയോജനം വിവേകമാണ്. വേർതിരിച്ചറിയുക എന്നാണ് ആ പദത്തിന്റെ അർത്ഥം. വിദ്യാഭ്യാസമുള്ള ഒരാൾക്ക് വേർതിരിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. ഗുരുവിന്റെ വിദ്യാഭ്യാസ സങ്കൽപ്പത്തിനടുത്തെത്താൻ ഇനിയും നാം ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ സാങ്കേതിക ശാസ്ത്രവിഷയങ്ങളിലും ശ്രീനാരായണ ഗുരുദേവന്റെ വിവക്ഷയനുസരിച്ച് മുന്നേറാൻ കേരളീയർക്ക് ഇനിയും സാധിച്ചിട്ടില്ല. ഗുരു ഉപദേശിച്ച ഈശ്വരഭക്തിയുടെ സ്ഥാനത്ത് ഇപ്പോൾ നരഭോജികൾ അഴിഞ്ഞാടുന്നു. ചാത്തനും യക്ഷിയും പേയും ദൈവങ്ങളായി ഇന്നും തുടരുന്നു. ദൈവദശകത്തിൽ പറയുന്ന ദൈവത്തെ അവരറിയില്ല. ഗുരുദേവന്റെ സായാഹ്ന ഗീതോപദേശമായ ഈ അഷ്ടാംഗ വിഷയങ്ങൾ മാനവ പുരോഗതിയ്ക്കുള്ള മാർഗരേഖയാണ്.
ശിവഗിരി തീർത്ഥാടനം കഴിഞ്ഞ തൊണ്ണൂറു വർഷങ്ങളായി കേരളത്തിൽ ചെലുത്തിയ സ്വാധീനശക്തി വാഗാതീതമാണ്. കേരളത്തിലെ സാമൂഹിക സാംസ്കാരിക ആത്മീയ - രാഷ്ട്രീയ രംഗങ്ങളിലെ അത്യുന്നതരൊക്കെ തന്നെയും ശിവഗിരി തീർത്ഥാടന സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ നിരവധി പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ഗവർണർമാർ, കേന്ദ്രസംസ്ഥാന മന്ത്രിമാർ, തീർത്ഥാടന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഭാരതത്തിൽ അടുത്ത കാലത്തുണ്ടായിട്ടുള്ള പ്രമുഖരായ ആത്മീയചാര്യന്മാരും ഗുരുവര്യന്മാരും തീർത്ഥാടന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഇവിടെ സാദരം കുറിയ്ക്കട്ടെ. കഴിഞ്ഞ തൊണ്ണൂറ് വർഷങ്ങളായി മതസൗഹാർദ്ദം, ശുചിത്വം, ഈശ്വരഭക്തി, സംഘടന തുടങ്ങി ഗുരു ഉപദേശിച്ച എട്ട് ഉപദേശങ്ങളിലൂന്നി നിന്നുകൊണ്ടുള്ള സമ്മേളനങ്ങളുടെ പ്രചോദനശക്തികൊണ്ട് കേരളത്തിന് ഏറെ മുന്നേറാൻ സാധിച്ചിട്ടുണ്ട്. ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ ശിവഗിരി തീർത്ഥാടനവും പ്രേരകശക്തിയായിട്ടുണ്ട്. തീർത്ഥാടനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ഗുരുകാരുണ്യവും അറിവും നേടി ഭക്തജനങ്ങൾ ധന്യരാകുക.
വിശദവിവരങ്ങൾക്ക് ലേഖകന്റെ 
ഫോൺ : 9447551499