
പെൻഷൻകാർക്കും ജീവനക്കാർക്കും 2021 ജനുവരി മുതൽ സർക്കാർ നടപ്പാക്കിയ 'മെഡിസെപ്പ് " പദ്ധതി പ്രയോജനപ്പെടുന്നില്ല. ഈ പദ്ധതിയുടെ പരിധിയിൽവന്ന പല ഹോസ്പിറ്റലുകളും ഈ പദ്ധതിയിൽ നിന്നും പിന്മാറുകയാണ്. ചില ഹോസ്പിറ്റലുകൾ ഉപാധിവച്ചാണ് രോഗികളെ സ്വീകരിക്കുന്നത്. ഈ പദ്ധതിയിൽ രോഗികൾക്ക് 2500 രൂപ വരെയുള്ള മുറിയെടുക്കാം. അധികമായി വരുന്ന തുക രോഗി കൈയിൽ നിന്ന് അടയ്ക്കണം. എന്നാൽ ചില ആശുപത്രികൾ രോഗികളെക്കൊണ്ട് മെഡിസെപ്പ് ആനുകൂല്യം വേണ്ടെന്ന് എഴുതിവാങ്ങിയിട്ടാണ് റൂം അനുവദിക്കുന്നത്.
ചില ആശുപത്രികൾ സർജറി അടക്കമുള്ള ചികിത്സ സ്വീകരിക്കുന്നില്ല. വർഷം 6000 രൂപയാണ് അംഗങ്ങളിൽ നിന്നും ഈടാക്കുന്നത്. ഒരു വീട്ടിൽ ഒന്നിലധികം പെൻഷൻകാരും ജീവനക്കാരും ഉണ്ടെങ്കിൽ എല്ലാവരിൽനിന്നും തുക ഈടാക്കുന്നു. വർഷം മൂന്നുലക്ഷം രൂപയുടെ കവറേജാണ്. എന്നാൽ മൂന്നുലക്ഷം രൂപ ഒരുവർഷം ചെലവഴിച്ചില്ലെങ്കിൽ അടുത്തവർഷം ഒന്നരലക്ഷം രൂപകൂടി കൂടും. കൂടാതെ ആശുപത്രിവാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ളെയിം ചെയ്യാമെന്നും അറിയിച്ചിരുന്നു. ഇതും നടപ്പായിട്ടില്ല.
പദ്ധതി സുതാര്യമായി നടപ്പാക്കുന്നതിനും ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കാനുമായി 1800 425 1857 എന്ന ടോൾഫ്രീ നമ്പരും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നമ്പരിൽ വിളിച്ചാൽ ആരും ഫോണെടുക്കാറില്ല. ജില്ലാതലത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല മേൽനോട്ട സമിതിയും രൂപീകരിക്കുമെന്നും അറിയിച്ചിരുന്നു. അതും നടപ്പായിട്ടില്ല.
പദ്ധതിയെടുത്ത പൊതുമേഖലാ സ്ഥാപനമായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ വിളിച്ചാൽ അവരും കൈമലർത്തുന്നു. അവരുടെ വെബ്സൈറ്റ് പരിശോധിച്ചാൽ ഇങ്ങനെയൊരു പദ്ധതിയേ ഇല്ല. ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകൾ മിണ്ടുന്നില്ലെന്നതാണ് ഏറെ രസകരം. കേരളത്തിലെ പ്രതിപക്ഷവും അനങ്ങുന്നില്ല. കഷ്ടം? പൊതുതാത്പര്യ ഹർജിയുമായി നീതിപീഠത്തെ സമീപിക്കേണ്ടി വരുമോ?
മണ്ണടി പുഷ്പാകരൻ
കടമ്പനാട്
മുൻ പഞ്ചായത്ത് മെമ്പർ
ഇ.പി.എഫ് പെൻഷൻകാർക്ക്
ക്ഷേമപെൻഷൻ കുറയ്ക്കരുത്
സംസ്ഥാന സർക്കാർ നൽകുന്ന വാർദ്ധക്യപെൻഷനു എത്രയോ താഴെയാണ് കേന്ദ്ര സർക്കാർ വയോധികരായ ഇ.പി.എഫ് പെൻഷൻകാർക്ക് നൽകുന്നത്. 95ൽ നടപ്പിലാക്കിയ പദ്ധതിയിലെ നാണയത്തുട്ടാണ് ഇന്നും മുൻ തൊഴിലാളികൾക്ക് ലഭിക്കുന്നത്.
വാർദ്ധക്യകാലത്ത് രോഗങ്ങളും ദാരിദ്ര്യവുമായി ജീവിക്കുന്ന ഇ.പി.എഫ് പെൻഷൻകാർക്കും സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ 1600 രൂപ അനുവദിച്ചു. എന്നാലിപ്പോൾ 1600 രൂപ 600 രൂപയാക്കി കുറച്ചത് വയോധികരായ പെൻഷൻകാരുടെ ജീവിതത്തിന്മേൽ ഇടിത്തീയായി മാറിയിരിക്കുകയാണ്.
സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും നിർദ്ധനരോഗികളും ആലംബഹീനരുമായ വയോജനങ്ങളെ അവഗണിക്കരുത്.
പട്ടം എൻ. ശശിധരൻ
ഇ.പി.എഫ് പെൻഷണർ