mopa-airport

പനജി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിൽ പണി കഴിപ്പിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവളം മോപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. വടക്കൻ ഗോവയിലെ പനജിയിൽ 2870 കോടി രൂപ ചെലവിലാണ് വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 44 ലക്ഷം യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

പദ്ധതി പൂർത്തിയാകുമ്പോൾ ഒരു കോടി യാത്രക്കാരായി ഉയരും. ഗോവയിലെ ആദ്യ വിമാനത്താവളമായ ദബോലിം വിമാനത്താവളത്തിൽ പ്രതിവർഷം 85 ലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, പുതിയ വിമാനത്താവളത്തിൽ ചരക്ക് ഗതാഗതത്തിനുള്ള സൗകര്യമില്ല. പുതിയ വിമാനത്താവളം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതും വിനോദസഞ്ചാരത്തിന് വലിയ ഉത്തേജനമാകുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. വിമാനത്താവളത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പേര് നല്‌കാൻ സാദ്ധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.