uae

ഫ്ലോറിഡ : യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ 'എമിറേറ്റ്സ് ലൂണാർ മിഷന്റെ" വിക്ഷേപണം വിജയം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.08ന് യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് എമിറേറ്റ്സ് ലൂണാർ മിഷൻ കുതിച്ചുയർന്നത്. ദുബായിയിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ ഗവേഷകർ നിർമ്മിച്ച 'റാഷിദ് " എന്ന റോവറിനെ ചന്ദ്രനിലിറക്കുന്നതാണ് പദ്ധതി.

ഗൾഫ് മേഖലയിൽ നിന്നുള്ള ആദ്യ ചാന്ദ്ര ദൗത്യമാണ് യു.എ.ഇയുടേത്. യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും തുടങ്ങിയവർ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ മിഷൻ കൺട്രോൾ റൂമിൽ റാഷിദ് റോവറിന്റെ വിക്ഷേപണത്തിന് സാക്ഷിയായി.

എമിറേറ്റ്സ് ലൂണാർ മിഷൻ

---------------------------------------------------

 ഘടകങ്ങൾ

 റാഷിദ് റോവർ, ഹാകുറ്റോ - ആർ ലാൻഡർ

 ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ച ഹാകുറ്റോ - ആർ ലാൻഡറാണ് റാഷിദ് റോവറിനെ ചന്ദ്രോപരിതലത്തിലിറക്കുക

 ലക്ഷ്യ സ്ഥാനം

 അറ്റ്‌ലസ് ഗർത്തം

 ചന്ദ്രന്റെ വടക്ക് കിഴക്കൻ ഭാഗത്താണിത്

 റാഷിദ് റോവർ

 റോവറിന്റെ പേര് ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തുമിന്റെ സ്മരണാർത്ഥം നൽകിയത്

 നിർമ്മാണം തുടങ്ങിയത് - 2017ൽ

 വീലുകൾ - നാല്

 ഭാരം - 10 കിലോഗ്രാം

 നാല് കാമറകൾ - രണ്ട് ഹൈ റെസലൂഷൻ കാമറ, ഒരു മൈക്രോസ്കോപ്പിക് കാമറ, തെർമൽ ഇമേജിംഗ് കാമറ

 385,000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് 2023 ഏപ്രിലിൽ ചന്ദ്രനിലിറങ്ങുമെന്ന് കരുതുന്നു

 ഒരു ചാന്ദ്ര ദിനം ( 14.75 ഭൗമ ദിനങ്ങൾ )​ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ തുടരും

 മൈനസ് 183 ഡിഗ്രി സെൽഷ്യസ് വരെ അതിജീവിക്കാനുള്ള രൂപകല്പന

 സൗരോർജ്ജത്തിൽ പ്രവർത്തിക്കും

 റാഷിദ് റോവർ വിജയകരമായി ചന്ദ്രനിലിറങ്ങിയാൽ യു.എസ്, റഷ്യ, ചൈന എന്നിവർക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ

 ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ നിയന്ത്രിത ലാൻഡിംഗ് നടത്തുന്ന ആദ്യ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യ പേടകമാകും ഹാകുറ്റോ - ആർ ലാന്റർ

 2025ൽ മറ്റൊരു റോവർ ചന്ദ്രനിലിറക്കാനും യു.എ.ഇക്ക് പദ്ധതിയുണ്ട്

 ദൗത്യം എന്തിന് ?​

 ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, പ്ലാസ്മ,​ ശിലകൾ, പൊടി, ചന്ദ്രന്റെ ഫോട്ടോ ഇലക്ട്രോൺ കവചം തുടങ്ങിയവയുടെ പഠനത്തിന്