fisher-man

ഹൈദരാബാദ്: ആന്ധാപ്രദേശിൽ മാൻഡോസ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ കടലിൽ കുടുങ്ങിയ ഏഴ് മത്സ്യത്തൊഴിലാളികളെ പൊലീസ് രക്ഷപ്പെടുത്തി. ഒരാഴ്ച മുമ്പ് കടലിൽ പോയ ഇവരെ രക്ഷിക്കാൻ പ്രാദേശിക,​ ലോക്കൽ,​ മറൈൻ പൊലീസും ഗ്രാമവാസികളും ഉൾപ്പെടെ തിരച്ചിൽ സംഘങ്ങൾ രൂപീകരിച്ചിരുന്നു. ഉയർന്ന വേലിയേറ്റത്താലാണ് ഇവർക്ക് കരയിലെത്താൻ സാധിക്കാതിരുന്നതെന്നും എല്ലാവരെയും സുരക്ഷിതരായി വീടുകളിലെത്തിച്ചെന്നും അധികൃതർ അറിയിച്ചു. അതിനിടെ ചുഴലിക്കാറ്റിനെത്തുടർന്ന് കടപ്പ ജില്ലയിലെ ഡാർജിപള്ളി ഗ്രാമത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. ആയിരത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ചില ജില്ലകളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. പ്രകാശം,​ നെല്ലൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ നിലവിൽ 170 വീടുകളോളം തകർന്നു. 4,​647.​4 ഹെക്ടർ കൃഷിയും 532,​68 ഹെക്ടർ പച്ചക്കറി കൃഷിയും നശിച്ചു. 140 സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങളെയും 95 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെയും നാല് ജില്ലകളിലായി വിന്യസിച്ചു.

അതേസമയം, നിലവിൽ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാടിന്റെയും കർണ്ണാടകയുടെയും കേരളത്തിന്റെയും വടക്കൻ പ്രദേശങ്ങളിൽ ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴ പെയ്യുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ തുടരാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നല്കിവരികയാണ്.

തമിഴ്നാടിന് ആശ്വാസം

മാൻഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ കനത്ത നാശ നാഷ്ടങ്ങളുണ്ടായെങ്കിലും കൃത്യമായ ഏകോപനത്താലും രക്ഷാപ്രവർത്തനത്താലും തമിഴ്നാട് പഴയ സ്ഥിതിയിലേക്കു വരികയാണ്. മാൻഡോസിന്റെ ശക്തി കുറഞ്ഞതോടെ വളരെ വേഗം രക്ഷാപ്രവർത്തനങ്ങൾ നടത്താൻ അധികൃതർക്ക് കഴിഞ്ഞു. മാൻഡോസ് ജാഗ്രത ലഭിച്ച ഉടൻ തന്നെ കൃത്യമായ മുൻകരുതലുകൾ എടുത്തതാണ് തമിഴ്നാടിന് രക്ഷയായത്. മുഖ്യമന്ത്രി എം.കെ. സ്റ്രാലിൻ നേരിട്ടിറങ്ങുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. 70 കിലോമീറ്രർ വേഗതയിലാണ് തമിഴ്നാട്ടിൽ മാൻഡോസ് വീശിയടിച്ചത്. ആറ് പേർ മരണമടയുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. 30ഓളം വിമാന സർവീസുകളാണ് മുടങ്ങിയത്. 400ഓളം മരങ്ങൾ കടപുഴകി. വൈദ്യുതി മുടങ്ങുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്തു. എന്നാൽ മാൻഡോസിന്റെ ശക്തി ക്ഷയിച്ച് ഒരു ദിവസത്തിനകം തന്നെ സംസ്ഥാനം കൃത്യമായ ഏകോപനത്തോടെ ഇവയെല്ലാം പരിഹരിച്ചു. 25000 പ്രവർത്തകരാണ് ചെന്നൈയിൽ മാത്രം വിവിധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടത്.