ramesh-chennithala

തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണ ഊരിൽ നിന്നും ഗർഭിണിയായ ആദിവാസി യുവതിയെ തുണിയിൽ ചുമന്നു മാറ്റിയ സംഭവം കേരളത്തിനാകെ അപമാനകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭാഗ്യം കൊണ്ട് മാത്രമാണ് യുവതി രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ആ സ്ഥലം സന്ദർശിച്ചിട്ടുള്ളതാണ്. അന്ന് അവിടുത്തെ ദുരവസ്ഥ സർക്കാരിന് മുന്നിൽ കൊണ്ട് വരാൻ സ്ഥലം എംഎൽഎയോടൊപ്പം നിവേദനം നൽകിയിരുന്നെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ കോടികൾ ചെലവഴിക്കുന്നുണ്ടെന്ന് പറയുമ്പോഴും അത് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പൂർണമായി വിനിയോഗിക്കപ്പെടുന്നില്ല. ഇനിയെങ്കിലും സർക്കാർ കണ്ണുതുറക്കണമെന്നും സംഭവത്തിന്റെ വീഴ്ച പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കടുകമണ്ണ ഊരിലെ സുമതി മുരുകൻ എന്ന യുവതിയെയാണ് ബന്ധുക്കൾ അർദ്ധരാത്രിയിൽ മൂന്നര കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും റോഡ് മോശമായതിനാൽ ഇവിടേക്ക് എത്താനായില്ല. രാത്രി ആനയിറങ്ങുന്ന പ്രദേശം കൂടിയായതിനാൽ സ്വകാര്യ വാഹനങ്ങളും കിട്ടിയില്ല. റോഡിന്റെ അവസ്ഥമൂലം ആനവായ് എന്ന പ്രദേശം വരെയേ ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ.കടുകമണ്ണ ഊരിൽ നിന്ന് ആനവായ് വരെ മൂന്നര കിലോമീറ്ററോളം യുവതിയെ ബന്ധുക്കൾ ചുമന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു പ്രസവം.