forex

കൊച്ചി: തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഉയർന്നുതുടങ്ങി. ഡിസംബർ രണ്ടിന് അവസാനിച്ചവാരം ശേഖരം 1,102 കോടി ഡോളർ ഉയർന്ന് 56,116 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തുടർച്ചയായ നാലാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്.

മുൻമാസങ്ങളിൽ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിയാൻ റിസർവ് ബാങ്ക് നിർബന്ധിതരായിരുന്നു. കഴിഞ്ഞവർഷം സെപ്തംബറിൽ ശേഖരം എക്കാലത്തെയും ഉയരമായ 64,245 കോടി ഡോളറിൽ എത്തിയിരുന്നു. രൂപ തളർന്നുതുടങ്ങിയതോടെ ഇക്കഴിഞ്ഞ ഒക്‌ടോബറിൽ 52,400 കോടി ഡോളറിലേക്ക് ശേഖരം കൂപ്പുകുത്തിയിരുന്നു.

വിദേശ നാണയആസ്‌തി (എഫ്.സി.എ) കഴിഞ്ഞവാരം 969.4 കോടി ഡോളർ വർദ്ധിച്ച് 49,698.4 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 108.6 കോടി ഡോളർ മുന്നേറി 4,102.5 കോടി ഡോളറിലുമെത്തി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ പൗണ്ട്, യൂറോ, യെൻ തുടങ്ങിയവയുമുണ്ട്.