
കോഴിക്കോട്: കോൺഗ്രസിന്റെ ഹിന്ദുത്വ പ്രീണന നിലപാട് വഴി പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിൽ അസംതൃപ്തിയുള്ളവർ ഇടതുപക്ഷത്തേയ്ക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പുറമേ ലീഗിലും ഈ നിലപാടിൽ അസംതൃപ്തിയുള്ളവരുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിച്ച് വരുന്നത്. കോൺഗ്രസിനകത്ത് മതനിരപേക്ഷ ചിന്താഗതിയുള്ലവർ തൃപ്തരല്ല. ബിജെപി ആഗ്രഹിക്കുന്ന തരത്തിലെ മുദ്രാവാക്യങ്ങൾക്ക് പിന്നാലെ സിന്ദാബാദ് മുഴക്കി പോകുന്നവരായി സംസ്ഥാനത്തിലെ പല കോൺഗ്രസ് നേതാക്കളും മാറി. ഇതിൽ അസംതൃപ്തരായ പലരും ഭാവിയിൽ ഇടതു പക്ഷ രാഷ്ട്രീയത്തോടടുക്കുന്നത് സ്വാഭാവികമാണെന്ന് റിയാസ് പറഞ്ഞു.
അതേ സമയം ഇന്ന് നടന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി ശശി തരൂർ എം പിയെ തള്ളാതെ സമവായ നിലപാട് കൈക്കൊണ്ടിരുന്നു. തരൂരിന്റെ വ്യക്തിത്വം പാർട്ടി ഉപയോഗപ്പെടുത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പരാമർശത്തിനെതിരെയും വിമർശനമുയർന്നു. അനവസരത്തിലുണ്ടായ പ്രസ്താവനയായിരുന്നു ഇതെന്നും നെഹ്റുവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും സമിതി വ്യക്തമാക്കി. പ്രസ്താവന ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.