
രണ്ടാം പെനാൽറ്റി പാഴാക്കി ഇംഗ്ലീഷ് ദുരന്ത നായകനായി ഹാരി കേൻ
ഫുട്ബാൾ ലോകം പ്രതീക്ഷിച്ച പോലെ തന്നെ ഈ ലോകകപ്പിലെ ഏറ്രവും മികച്ച മത്സരങ്ങളിലൊന്നായി മാറിയ യൂറോപ്യൻ വമ്പൻമാർ മുഖാമുഖം വന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് പടയ്ക്കെതിരെ വീറെടെ പൊരുതിയെങ്കിലും ഒടുവിൽ ഇടറി വീണ് ഇംഗ്ലണ്ടിന് നിരാശയോടെ മടക്കം. അവസാന നിമിഷങ്ങളിൽ കിട്ടിയ പെനാൽറ്റി നഷ്ടമാക്കി ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി കേൻ ദുരന്തനായകാനായ അൽബൈത്ത് സ്റ്റേഡിയം വേദിയായ ഈ ലോകകപ്പിലെ അവസാന ക്വാർട്ടറിൽ 2-1ന്റെ ജയം നേടിയാണ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സെമി ഫൈനലിൽ എത്തിയത്. ചൗവമേനിയും ജിറൂഡുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. പെനാൽറ്രിയിലൂടെ തന്നെ കേനാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.
ഫ്രാൻസിനെതിരെ മത്സരത്തിലുട നീളം പ്രത്യേകിച്ച രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. പാസിംഗിലും പൊസഷനിലും ഷോട്ടിലുമെല്ലാം ഇംഗ്ലണ്ടിനായിരുന്നു മുൻതൂക്കം. അവസാന നിമിഷം വരെ വലകുലുക്കാൻ ഇംഗ്ലണ്ട് പരമാവധി ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധവും ക്യാപ്ടനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസും പാറപോലെ ഉറച്ച് നിൽക്കുകയായിരുന്നു. 17-ാം മിനിട്ടിൽ ചാവമേനി ഫ്രാൻസിനെ മുന്നിലെത്തിച്ചു. എന്നാൽ 54-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി കേൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 78-ാം മിനിട്ടിൽ ജിറൂഡിന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ ഫ്രാൻസ് വീണ്ടും ലീഡെടുത്തു. 82-ാം മിനിട്ടിൽ ഇംഗ്ലണ്ടിന് വീണ്ടും പെനാൽറ്റി കിട്ടിയെങ്കിലും കേന് ഇത്തവണ പിഴക്കുകയായിരുന്നു.
ഗോളുകൾ ഇങ്ങനെ
17-ാം മിനിട്ട്: ടൂർണമെന്റിൽ ഉടനീളം ഫ്രാൻസിന്റെ പവർ ഹൗസായ ചൗവമേനി ലക്ഷ്യം കാണുന്നു. കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ഇടതുവിംഗിലൂടെ പന്തുമായി മന്നേറിയ എംബാപ്പെ ഇംഗ്ലണ്ടിന്റെ റൈസിനെ കബളിപ്പിച്ച് ഗ്രീസ്മാന് പാസ് നൽകുന്നു. ഗ്രീസ്മാനിൽ നിന്ന് പന്ത് ചൗവമേനിയിലേക്ക്. ബോക്സിന് വെളിയിൽ നിന്ന് ചൈവമേനിയുടെ പാസ് ബെല്ലിംഗ്‌ഹാമിന്റെ കാലുകൾക്ക് ഇടയിലൂടെ ഇംഗ്ലീഷഅ ഗോളി പിക്ഫോർഡിനേയും മറികടന്ന് വലയിൽ. ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ.
53-ാം മിനിട്ട് : നിരന്തര ആക്രമണങ്ങൾക്കൊടുവിൽ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ട് ലക്ഷ്യം കാണുന്നു. ആദ്യ ഗോൾ കണ്ടെത്തിയ ചൗവമേനിയാണ് ഫ്രാൻസിന്റെ വില്ലനായത്. ബുക്കായോ സാക്കയെ ചൗവമേനി ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി വാർ ചെക്ക് ചെയ്യുകപോലും ചെയ്യാതെ നേരിട്ട് പെനാൽറ്റി വിധിച്ചത്. ഒരു പിഴവുമില്ലാതെ ലോറിസിനെ നിഷ്പ്രഭനാക്കി കേൻ അത് ഗോളാക്കി മാറ്റി. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇംഗ്ലണ്ട് താരമെന്ന വെയ്ൻ റൂണിയുടെ റെക്കാഡിനൊപ്പം കേൻ എത്തി. ഇരുവരുടേയും അക്കൗണ്ടിൽ 53 ഗോളുകളാണ് ഉള്ളത്.
78-ാം മിനിട്ട്: സമനില നേടിയതോടെ ആക്രമണം വീണ്ടും ടോപ് ഗിയറിലാക്കിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജീറൂഡിലൂടെ ഫ്രാൻസ് വീണ്ടും മുന്നിൽ. ഗ്രീസ്മാൻ നൽകിയ ഗംഭീര ക്രോസ് ലോകോത്തര ഹെഡ്ഡറിലൂടെ ജിറൂഡ് വലയ്ക്കകത്താക്കുകയായിരുന്നു. ഈ ഗോളിന് തൊട്ടു മൻപ് ജീറൂഡിന്റെ ഗോൾ ശ്രമം മികച്ച സേവിംഗിലൂടെ നിർവീര്യമാക്കിയ ഇംഗ്ലീഷ് ഗോളി പിക് ഫോർഡിന് പക്ഷേ ജീറൂഡിന്റെ ഈ ക്ലോസ്റേഞ്ച് ഹെഡ്ഡറിന് മുന്നിൽ ഉത്തരമില്ലായിരുന്നു.
പെനാൽറ്റി നഷ്ടം
പകരക്കാരനായെത്തിയ മേസൺ മൗണ്ടിനെ 82-ാം മിനിട്ടിൽ തിയോ ഹെർണാണ്ടസ് ബോക്സിൽ വീഴ്ത്തിയതിനാണ് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ ഇംഗ്ലണ്ടിന് പെനാൽറ്റി ലഭിച്ചത്. ഇത്തവണ കേനിന്റെ ശക്തിയേറിയ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു.
7- ലോകകപ്പിൽ ഏഴാം തവണയാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ പുറത്താകുന്നത്. ഇതോടെ ഏറ്രവും കൂടുതൽ തവണ ലോകകപ്പ് ക്വാർട്ടറിൽ പുറത്താകുന്ന ടീമായി ഇംഗ്ലണ്ട്.
ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ ജയമാണിത്.