
മൊറോക്കയ്ക്കെതിരായ ലോകകപ്പ് ക്വാർട്ടർ മത്സരം പരാജയപ്പെട്ടതിന് ശേഷം നിറകണ്ണുകളുമായി മൈതാനം വിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിത്രം ഇപ്പോഴും ഫുട്ബാൾ ആരാധകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. മൊറോക്കയ്ക്കെതിരായ നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ ലീഡ് സ്ട്രൈക്കറായി റൊണാൾഡോയെ കളത്തിലിറക്കാതെ, യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ച പോർചുഗൽ പരിശീലകൻ ഫെർണാൺഡോ സാന്റോസിന്റ തന്ത്രം പാളിയതിന് പിന്നാലെ വലിയ രീതിയിൽ വിമർശമനമുയർന്നിരുന്നു.
മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി ലോകകപ്പ് നേടാമെന്നത് വ്യാമോഹമായി പോയി എന്ന് സാന്റോസിന്റെ പദ്ധതിയെ വിമർശിച്ച് കൊണ്ട് പോർചുഗൽ വിഖ്യാത താരം ലൂയിസ് ഫിഗോയടക്കം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോയെ പരിഗണിക്കാത്തതിൽ പോർചുഗൽ പരിശീലകനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ താരത്തിന്റെ ജീവിത പങ്കാളിയായ ജോർജിന റോഡ്രിഗസ്.

‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചുകാണാൻ നിങ്ങൾക്ക് കഴിയില്ല. അർഹതയില്ലാത്ത ഒരാൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മൾ തോറ്റിട്ടില്ല, നമ്മൾ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു’- സൂപ്പർ മോഡൽ കൂടിയായ ജോർജിന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
റൊണാൾഡോയെ ലോകകപ്പിൽ കാര്യമായി പരിഗണിക്കാത്തതിൽ ജോർജിനയെ കൂടാതെ പല പ്രമുഖരുടെയും വിമർശനങ്ങളേറ്റു വാങ്ങിയിട്ടും താരത്തെ പകരക്കാരനാക്കിയതിൽ തനിക്ക് കുറ്റബോധമില്ലെന്ന് പരിശീലകനായ സാന്റോസ് അറിയിച്ചിരുന്നു. റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയതിൽ പശ്ചാത്താപമില്ല. സ്വിറ്റ്സർലാന്റിനെതിരെ മികച്ച പ്രകടനം നടത്തിയ ടീമിനെയാണ് ആദ്യ ഇലവനിൽ പരിഗണിച്ചത്. ക്രിസ്റ്റ്യാനോയെ ആവശ്യമെന്ന് തോന്നിയ ഘട്ടത്തിൽ കളത്തിലിറക്കുകയും ചെയ്തെന്ന് സാന്റോസ് മത്സരശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.