mm

# വൈസ് പ്രസിഡന്റ് അടക്കം രണ്ടുപേർകൂടി​ പ്രതിപ്പട്ടികയിൽ

തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായവരിൽ ഡോക്ടർമാരും. ജില്ലയിലെ പ്രമുഖ ഡോക്ടർമാരിൽ ചിലർ കോടിക്കണക്കിന് രൂപയാണ് കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും ഉടമകളായ മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചിരുന്നത്.

പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ദമ്പതിമാർ 2020 സെപ്തംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഒരുകോടി അറുപതു ലക്ഷം രൂപയും മറ്റൊരു ഡോക്ടർ 2021സെപ്തംബർ മുതൽ 2022 സെപ്തംബർ വരെ 61,52000 രൂപയും നി​ക്ഷേപി​ച്ചി​ട്ടുണ്ട്. പരാതി​ നൽകി​യത് കൊണ്ടുമാത്രമാണ് ഇത് വെളിച്ചത്തുവന്നത്. ഇവരെക്കൂടാതെ നേരത്തെ നിരവധി എൻജിനിയർമാരും

അഭിഭാഷകരും തട്ടിപ്പിനിരയായതായി പരാതി നൽകിയിരുന്നു.

മാസ്റ്റേഴ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വിജിൽ, മാർക്കറ്റിംഗ് ജീവനക്കാരനായ അനീഷ് എന്നിവരെയാണ് പുതുതായി പ്രതിപ്പട്ടികളിൽ ഉൾപ്പെടുത്തിയത്. എബിൻ വർഗീസ്, ശ്രീരഞ്ജിനി, ജേക്കബ് ഷിജോ എന്നി​വർക്കെതി​രെ നേരത്തെ കേസെടുത്തിരുന്നു.

രണ്ടുപരാതികൾ ഇന്നലെ പൊലീസിന് ലഭിച്ചതോടെ പരാതി​കളുടെ എണ്ണം 47 ആയി​.

# പണം നഷ്ടപ്പെട്ടവർ കൂട്ടായ്മ രൂപീകരിച്ചു

മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടി​പ്പി​നി​രയായവർ ചേർന്ന് കൂട്ടായ്മ രൂപീകരി​ച്ചു.

നിയമപോരാട്ടം നടത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. 25 പേരുടെ കമ്മി​റ്റി​യും രൂപീകരി​ച്ചി​ട്ടുണ്ട്.