pepe

അർജന്റീനയ്ക്ക് ഇപ്പഴേ കപ്പ് കൊടുത്തേക്കാൻ പെപ്പേ

മൊറോക്കോയ്ക്കെതിരായ ക്വാർട്ടറിലെ തോൽവിക്ക് പിന്നാലെ മത്സരത്തിലെ റഫറിയിംഗിനെതിരെ രൂക്ഷ വിമർശനവുമായി പോർച്ചുഗൽ താരങ്ങളായ പെപ്പേയും ബ്രൂണോ ഫെർണാണ്ടസും രംഗത്ത്. അർജന്റീനക്കാരനായ റഫറിയെ മത്സരത്തിൽ നിയോഗിച്ചതാണ് അവരെ പ്രധാനമായും ചൊടിപ്പിച്ചത്. മത്സരത്തിലെ പ്രധാന റഫറി ഫാകുണ്ടോ ടെല്ലോയും രണ്ട് അസിസ്റ്റന്റ് റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയുമെല്ലാം അർജന്റീനക്കാരായിരുന്നു. സെമിയിൽ എത്തിയ രാജ്യത്തെ റഫറിയെ ക്വർട്ടറിൽ മത്സരം നിയന്ത്രിക്കാൻ നിയോഗിച്ചത് മത്സരഫലത്തെ സ്വീധീനിക്കുമെന്നാണ് പോർച്ചുഗൽ താരങ്ങളുടെ കണ്ടെത്തൽ.

അർജന്റീനക്കാരനായ റഫറിയെ വെച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഞാൻ ബെറ്റ് വെയ്ക്കുന്നു. അർജന്റീന തന്നെയാകും ചാമ്പ്യന്മാർ. അവർക്ക് ഇപ്പോഴെ കപ്പ് കൊടുക്കുന്നതാണ് നല്ലത്. രണ്ടാം പകുതിയിൽ ആകെ എട്ട് മിനിറ്റാണ് ഇഞ്ചുറി ടൈം തന്നത്.- പെപ്പെ പറഞ്ഞു.

ആദ്യ പകുതിയിൽ തങ്ങൾക്കനുകൂലമായി കിട്ടേണ്ട പെനാൽറ്റി അനുവദിച്ചില്ലെന്നും രണ്ടാം പകുതിയിൽ 15 മിനിട്ടോളം മത്സരം തടസപ്പെട്ടിട്ടും അധികസമയം 8 മിനിട്ടിൽ ഒതുക്കിയെന്നും ബ്രൂണോ ആരോപിച്ചു.

എന്നാൽ മത്സരഫലത്തിൽ റഫറിയുൾപ്പെടെയുള്ളഒഫീഷ്യൽസിന് പങ്കുള്ളതായി കരുതിന്നില്ലെന്നായിരുന്നു പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാഞ്ചസിന്റെ പ്രതികരണം.