death

ലൂസാക : ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ തലസ്ഥാനമായ ലൂസാകയ്ക്ക് വടക്കുള്ള എൻഗ്വെറെരേ മേഖലയിൽ റോഡരികിൽ 27 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. എത്യോപിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇവരെന്ന് കരുതുന്നു. ഇവരിൽ ചിലരിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ രേഖകൾ പ്രകാരമാണിത്. സാംബിയയിലേക്കുള്ള യാത്രാ മദ്ധ്യേ ഇവർ വാഹനത്തിൽ വച്ച് ശ്വാസംമുട്ടി മരിച്ചതാകാമെന്നും ഇവരെ കടത്തിയവർ തന്നെ മൃതദേഹങ്ങൾ റോഡരികിൽ ഉപേക്ഷിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തി. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ സാംബിയ വഴിയാണ് ദക്ഷിണാഫ്രിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ ആറ് മണിക്ക് നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെല്ലാം 20നും 38നും ഇടയിൽ പ്രായമുള്ള പുരുഷൻമാരാണ്. മൃതദേഹങ്ങൾ സാംബിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഒക്ടോബറിൽ സാംബിയയുടെ അയൽരാജ്യമായ മലാവിയിൽ കൂട്ടകുഴിമാടത്തിൽ 25 എത്യോപിയൻ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.