
ഇസ്ലാമാബാദ്: രാജ്യാതിർത്തിയിൽ അഫ്ഗാൻ സേന പ്രകോപമനില്ലാതെ വെടിയുതിർത്തതായി പാകിസ്ഥാൻ സൈനിക വൃത്തം. താലിബാൻ അതിർത്തി സേനയുടെ ആക്രമണത്തിൽ ആറ് പ്രദേശവാസികൾ കൊല്ലപ്പെട്ടതായും പതിനേഴോളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. കനത്ത വെടിവെയ്പ്പിലും പീരങ്കി ഷെല്ലാക്രമണത്തിലുമാണ് അത്യാഹിതമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ തെക്കു പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചമൻ അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകിയതായി പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ അതിർത്തി സേന പ്രകോപനമില്ലാതെ സാധാരണ ജനങ്ങൾക്ക് നേരെ പീരങ്കികളും മോട്ടോറുകളുമടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് പാകിസ്ഥാൻ ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് സിവിലിയൻമാരെ മാറ്റിയതിന് ശേഷമാണ് പ്രത്യാക്രമണം നടത്തിയതെന്നും സൈന്യം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇരു വിഭാഗങ്ങളും സംഘർഷത്തിന് ശേഷം ചർച്ച നടത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി വാർത്താ ഏജൻസി അറിയിച്ചു.