
തിരുവനന്തപുരം: സിപിഎമ്മിന്റെ മുസ്ലീം ലീഗ് പ്രശംസയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയടക്കം ലീഗ് അനുകൂല അഭിപ്രായം ചൂണ്ടിക്കാട്ടി സിപിഎമ്മിന് ലീഗിനോട് പ്രേമം വന്നിട്ടുണ്ടെന്നായിരുന്നു കെ സുധാകരന്റെ പരമാർശം.രണ്ട് പേർക്കും പരസ്പരം പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കു എന്നും കോൺഗ്രസ് നേതാവ് പരിഹാസ രൂപേണ പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയാണെന്ന് സിപിഎം മുമ്പ് പറഞ്ഞിരുന്നതായിചൂണ്ടിക്കാട്ടിയ കെ സുധാകരൻ കോൺഗ്രസിന് ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാട് ഒരുകാലത്തുമില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം മുസ്ലീം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലേയ്ക്ക് എത്തിക്കാനുള്ല ആസൂത്രണം അണിയറയിൽ സജീവമാണെന്നും അതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവനകളെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടായി പറഞ്ഞിരുന്നു.