soudi

റിയാദ്: സൗദിയിൽ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള കർശന പരിശോധനയുമായി സുരക്ഷാ ഏജൻസികൾ. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കാലയളവിൽ നടന്ന പരിശോധനയിൽ പതിനാലായിരത്തിലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഈ മാസം ഒന്ന് മുതൽ ഏഴ് വരെ സൗദിയിലെ സുരക്ഷാ സേനയും ജനറൽ ഡയറക്ടേറ്റ് ഓഫ് പാസ്പോർട്ടും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആകെ 14,253 പേർ പിടിയിലായത്.

ഇഖാമ നിയമങ്ങൾ ലംഘിച്ചതിനാണ് ഇതിൽ 8,610 പ്രവാസികൾ പിടിയിലായത്. അതിർത്തി രക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 3,451 പേരും തൊഴിൽ നിയമ ലംഘനത്തിന് 2,192 പേരും നിയമ വിരുദ്ധമായി രാജ്യത്തേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് 438 പേരും അനധികൃത താമസക്കാർക്ക് താമസ സൗകര്യമൊരുക്കിയതിന് 21പേരെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമലംഘകർക്കും അവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങൾ ചെയ്ത് നൽകുന്നവർക്കും 15 വർഷം തടവും10 ലക്ഷം റിയാൽ പിഴയും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസ നിയമങ്ങൾ അടക്കം ലംഘിച്ച് രാജ്യത്ത് താമസമാക്കിയവരെ കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ വരും ദിനങ്ങളിലും തുടരും